തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് പരിശോധന വർധിപ്പിക്കാനായി സ്റ്റെപ് കിയോസ്കുകൾ ഒരുക്കാൻ ജില്ലാ ആരോഗ്യ വകുപ്പ്. പൊതുസ്ഥലങ്ങളിലേക്ക് പരിശോധന എത്തിക്കാനാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കിയോസ്ക്കുകൾ സ്ഥാപിക്കും. പൊതുജനങ്ങൾക്ക് ഇവിടെ വന്ന് പരിശോധന നടത്താം. ഇത്തരം സെന്‍ററുകളിൽ ആദ്യം മണം ലഭിക്കുന്നുണ്ടോയെന്ന പരിശോധനയാകും നടത്തുക. ഇതിൽ ലക്ഷണങ്ങൾ കാണിച്ചാൽ ആന്‍റിജൻ പരിശോധന നടത്തും.
കൊവിഡ് പരിശോധന പൊതുസ്ഥലങ്ങളിലും; കിയോസ്കുമായി ആരോഗ്യവകുപ്പ്
ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കിയോസ്ക്കുകൾ സ്ഥാപിക്കും.
ആരോഗ്യവകുപ്പിനെ കിയോസ്ക്കുകൾ കൂടാതെ സ്വകാര്യ മേഖലകളിലെ ലാബുകൾക്കും ആശുപത്രികൾക്കും ഇത്തരത്തിൽ പരിശോധന കിയോസ്ക്കുകൾ സ്ഥാപിക്കാൻ അനുമതി നൽകിയിട്ടുണ്ട്. സർക്കാർ സംവിധാനത്തിൽ സൗജന്യ പരിശോധനയും സ്വകാര്യ സംവിധാനത്തിൽ സർക്കാർ നിശ്ചയിച്ച നിരക്കിലുള്ള പരിശോധനയുമാണ് നടക്കുക. രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് വിവിധ വകുപ്പുകളുടെ സംയുക്തമായ ഇടപെടലിലൂടെ നിയന്ത്രണം കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. പരമാവധി പരിശോധന നടത്തി രോഗബാധിതരെ കണ്ടെത്താനാണ് ആരോഗ്യ വകുപ്പിന്‍റെ ശ്രമം. പ്രതിദിനം ഏഴായിരത്തിലധികം പരിശോധന നടത്താനാണ് പദ്ധതിയിടുന്നതെന്ന് ഡിഎംഒ ഡോ. ഷിനു പറഞ്ഞു.