തിരുവനന്തപുരം: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് ആതിഥ്യമരുളാനൊരുങ്ങി തലസ്ഥാന നഗരി. ചന്ദ്രശേഖർ നായർ സ്റ്റേഡിയo, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലായി ഡിസംബര്‍ മൂന്ന് മുതൽ ആറ് വരെയാണ് മത്സരങ്ങൾ നടക്കുക. കായിക മേളയെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു.
കായികമേളയ്‌ക്ക് തയ്യാറായി തലസ്ഥാന നഗരി; സാങ്കേതിക സഹായങ്ങൾ നൽകാൻ വോളന്‍റിയർമാരും റെഡി കായികമേളയുടെ സുഗമമായ നടത്തിപ്പിനായി സ്പോർട്‌സ് സ്പെസിഫിക്ക് വോളന്‍റിയർമാരായി ഇക്കുറി അറുപത്തിയഞ്ച് പേരെയാണ് സജ്ജീകരിച്ചിട്ടുള്ളത്. ജിവി രാജ സ്പോർട്‌സ് സ്‌കൂളിലെ 40 വിദ്യാർഥികളെയും സർക്കാർ സർവീസിലുള്ള 25 കായിക താരങ്ങളെയുമാണ് കായികോത്സവത്തിൽ വോളൻ്റിയർമാരായി നിയോഗിച്ചിട്ടുള്ളത്.
സംഘാടകർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയാണ് വോളൻ്റിയർമാരുടെ ചുമതല. ഓരോ മത്സരത്തിൻ്റെയും ഫലങ്ങൾ കൃത്യമായി കൃത്യ സമയത്ത് ടെക്‌നിക്കൽ കമ്മിറ്റിക്ക് കൈമാറുകയാണ് വോളൻ്റിയർമാരുടെ പ്രധാന കർത്തവ്യം. ഇതിനായി 65 പേരടങ്ങുന്ന സംഘത്തെ പല ഗ്രൂപ്പുകളായി തിരിച്ചാകും നിയോഗിക്കുക.
മുൻ വർഷങ്ങളിലേതു പോലെ ത്രോ ഇവൻ്റുകൾ നടക്കുമ്പോൾ അവ യാഥാസ്ഥാനത്തേക്ക് തിരിച്ചെത്തിക്കുന്ന ചുമതലകളിൽ നിന്ന് വോളൻ്റിയർമാരെ ഇക്കുറി ഒഴിവാക്കിയിട്ടുണ്ട്. ടെക്‌നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാകും അത്തരം ജോലികൾ. ഒഫിഷ്യൽസ്, വോളന്‍റിയേഴ്‌സ് എന്നിവർക്ക് പ്രത്യേക ഓറിയന്‍റേഷൻ ക്ലാസും നൽകിയിട്ടുണ്ട്.
കായിക താരങ്ങൾക്കൊപ്പം വോളൻ്റിയർമാർക്കും ഭക്ഷണ വിതരണം സെന്‍റ് ജോസഫ് സ്‌കൂളിലാണ് ക്രമീകരിച്ചിട്ടുള്ളത്. ജിവി രാജ സ്‌കൂളിലാണ് ഇവർക്കുള്ള താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. സ്റ്റേഡിയത്തിലേക്കും തിരിച്ചും വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.