തിരുവനന്തപുരം: മലയാളികളുടെ നിത്യപയോഗ പച്ചക്കറിയായ തക്കാളി വിലയില്‍ ആശ്വാസം. അനിയന്ത്രിത വില പിടിച്ചുക്കെട്ടാൻ സര്‍ക്കാര്‍ രംഗത്ത്. എല്ലാ ജില്ലകളിലും ഇനി സര്‍ക്കാരിന്‍റെ തക്കാളി വണ്ടിയെത്തും. ഇവ വഴി കിലോയ്ക്ക് 50 രൂപ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് തക്കാളി വാങ്ങാം. തക്കാളി മാത്രമല്ല, മറ്റു പച്ചക്കറികളും ന്യായവിലയ്ക്ക് ഈ വണ്ടി വഴി വാങ്ങാം.
ഇനി ധൈര്യമായി തക്കാളി വാങ്ങാം..! സര്‍ക്കാരിന്‍റെ 'തക്കാളി വണ്ടി' ഉടൻ നാട്ടിലെത്തും
ആകെ 28 വണ്ടികളാണ് തക്കാളിയും മറ്റു പച്ചക്കറികളുമായി നാട്ടിലുടനീളം വരുന്നത്. ഒരു ജില്ലയില്‍ രണ്ടു വണ്ടിയെന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു
ആകെ 28 വണ്ടികളാണ് തക്കാളിയും മറ്റു പച്ചക്കറികളുമായി നാട്ടിലുടനീളം വരുന്നത്. ഒരു ജില്ലയില്‍ രണ്ടു വണ്ടിയെന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് കൃഷിമന്ത്രി പി പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. സ്ഥിരം വിപണിയില്ലാത്ത സ്ഥലങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പിന്‍റെ നേതൃത്തില്‍ കുടുതല്‍ സഞ്ചരിക്കുന്ന വില്പന ശാലകളും വരും.
ഇതര സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കമാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. ഹോര്‍ട്ടികോര്‍പ്പ് വഴി 40 ടണ്‍ പച്ചക്കറിയാണ് സംസ്ഥാന സര്‍ക്കാര്‍ സംഭരിച്ചിരിക്കുന്നത്. പ്രാദേശികമായി 170 ടണ്‍ കൂടി സംഭരിക്കാനുള്ള നടപടി ആരംഭിച്ചു. ഇതോടെ ക്ഷാമം പിടിച്ചു നിര്‍ത്തി ന്യായ വിലയ്ക്ക് ജനങ്ങള്‍ക്ക് പച്ചക്കറി എത്തിക്കാനാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. പച്ചക്കറി കൃഷി ഓരോ മലയാളിയും പ്രാദേശികമായി കൂടി തുടങ്ങേണ്ടതിന്‍റെ ആവശ്യകതയാണ് ക്രമാതീതമായ വില വര്‍ധനവ് നല്‍കുന്ന പാഠമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളില്‍ പച്ചക്കറി കൃഷിയുടെ പ്രാധാന്യം മനസിലാക്കി കൊടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 2022 ജനുവരി ഒന്ന് മുതല്‍ ഞാനും കൃഷിയിലേക്ക് എന്ന് പ്രചാരണ പരിപാടിക്ക് തുടക്കം കുറിക്കുകയാണ്.