തിരുവനന്തപുരം:വിലക്കയറ്റം കൊണ്ട് ജനം വീര്‍പ്പുമുട്ടുമ്പോള്‍ സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രന്‍. ഊരിപ്പിടിച്ച വാളിനിടയിലൂടെ നടന്നുവെന്ന് സ്വയം പറയുന്ന മുഖ്യമന്ത്രി ഇപ്പോള്‍ ലക്ഷങ്ങള്‍ പൊടിച്ച് സുരക്ഷാ വലയത്തിലാണ് സഞ്ചരിക്കുന്നത്. മുഖ്യമന്ത്രിക്കായി ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങുകയാണ്. ഇത്രയും ധൂര്‍ത്ത് ഇതുവരെ കണ്ടിട്ടില്ലെന്നും മുല്ലപള്ളി പറഞ്ഞു. മുഖ്യമന്ത്രിയും പരിവാരങ്ങളും വിദേശയാത്രകള്‍ നടത്തുന്നുവെങ്കിലും ഇതുകൊണ്ട് സംസ്ഥാനത്തിനുണ്ടായ ഗുണം എന്തെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും മുല്ലപള്ളി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നു; മാവോയിസ്റ്റിനെ നേരിടാൻ ഹെലികോപ്റ്റര്‍ വേണമെന്ന് പറയുന്നത് മണ്ടത്തരം: മുല്ലപള്ളി സഹകരണ ബാങ്കുകളിലെ പണത്തില്‍ നോട്ടമിട്ടാണ് കേരള ബാങ്കുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നത്. മാവോയിസ്റ്റ് വേട്ടയെന്ന പേരില്‍ ഹെലികോപ്റ്റര്‍ വാടയ്‌ക്കെടുക്കുന്നത് ധൂര്‍ത്താണ്. ദുര്‍ബലമായ മാവോയിസ്റ്റ് ഗ്രൂപ്പാണ് സംസ്ഥാനത്തുള്ളത്. അവരെ നേരിടാന്‍ ഹെലികോപ്റ്റര്‍ വേണമെന്ന് പറയുന്നത് മണ്ടത്തരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
അസാധാരണ ഓര്‍സിനന്‍സിലൂടെയാണ് കേരളാ ബാങ്ക് രൂപീകരിച്ചതെന്ന് മുല്ലപ്പള്ളി ആരോപിച്ചു. സഹകരണ ബാങ്കുകളിലെ പണത്തിലാണ് സര്‍ക്കാരിന്‍റെ കണ്ണ്. അതെടുത്ത് ഇപ്പോഴത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാനാണ് ശ്രമിക്കുന്നത്. വാണിജ്യ ബാങ്ക് തുടങ്ങാന്‍ ഭരണഘടനപരമായി സര്‍ക്കാരിന് അധികാരമില്ല. അതിന് ഇതുവരെ ആര്‍ബിഐ അനുമതിയും നല്‍കിയിട്ടില്ല. പ്രാഥമിക പരിശോധനക്കുള്ള അനുമതി മാത്രമാണ് ഹൈക്കോടതി നല്‍കിയിട്ടുള്ളത്. വാണിജ്യ ബാങ്കുകളായി സഹകരണ ബാങ്കുകള്‍ മാറുമ്പോള്‍ സാധാരണക്കാരന് ഈ ബാങ്കുകള്‍ അപ്രാപ്യമാവും. സര്‍ക്കാറിന്‍റെ ഈ നീക്കത്തിനെതിരെ നിയമപോരാട്ടം നടത്തുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
സംസ്ഥാനത്ത് വ്യാപകമായി അഴിമതി നടക്കുകയാണ്. പി.എസ്.സിയുടേയും സര്‍വ്വകലാശാലകളുടേയും വിശ്വാസ്യത തകര്‍ക്കുകയാണ്. ഇതിനെതിരെ കോണ്‍ഗ്രസ് പ്രത്യക്ഷ സമരം നടത്തും. ഈ മാസം 20ന് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. എല്ലാ ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. ജില്ലാ അധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ ഫെബ്രുവരിയില്‍ പദയാത്ര നടത്തുമന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.