തിരുവനന്തപുരം: സെമി കേഡര്‍ സംവിധാനത്തില്‍ കോണ്‍ഗ്രസിനെ വളര്‍ത്താന്‍ ശ്രമം നടക്കുന്നതിനിടയില്‍, വി.എം സുധീരനെന്ന മുതിര്‍ന്ന നേതാവിന്‍റെ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നുള്ള രാജി കോണ്‍ഗ്രസില്‍ ഉണ്ടാക്കുന്നത് കടുത്ത പ്രതിസന്ധി. ജനറല്‍ സെക്രട്ടറിമാരടക്കം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചപ്പോള്‍ മാലിന്യങ്ങള്‍ പുറത്ത് പോകട്ടെയെന്ന് പറഞ്ഞ് നിസാരവത്‌കരിച്ചത് പോലെ എളുപ്പമാകില്ല കെ. സുധാകരനും, വി.ഡി സതീശനും സുധീരന്‍റെ രാജിയില്‍ ന്യായീകരണം നടത്താന്‍.
കോണ്‍ഗ്രസിന്‍റെ സംസ്ഥാനത്തെ ഏറ്റവും ഉന്നതമായ സംഘടന സംവിധാനമാണ് രാഷ്ട്രീയകാര്യ സമിതി. വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്‍റായിരിക്കുമ്പോഴാണ് എ.ഐ.സി.സി 15 അംഗ രാഷ്ട്രീയകാര്യ സമിതിയെ നിയമിക്കുന്നത്. സംഘടനയുടെ നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനാണ് മുതിര്‍ന്ന നേതാക്കളെ അംഗങ്ങളാക്കി സമിതി തീരുമാനിച്ചത്. ഈ സമിതിയിലെ അംഗം തന്നെയാണിപ്പോള്‍ സംഘടനയില്‍ കൂടിയാലോചനയില്ലെന്ന് വിമര്‍ശനം ഉന്നയിച്ച് രാജിവച്ചിരിക്കുന്നത്.
താരിഖ് അന്‍വര്‍ ചര്‍ച്ചകള്‍ക്കായി കേരളത്തില്‍ എത്തും
ഇത് ഇപ്പോഴത്തെ നേതൃത്വത്തെ കടുത്ത സമ്മര്‍ദത്തിലാക്കും. ഡി.സി.സി പ്രസിഡന്‍റുമാരുടെ നിയമനം പൂര്‍ത്തിയായപ്പോഴാണ് കോണ്‍ഗ്രസിനുള്ള ഇത്രയും വലിയ പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. കെ.പി.സി.സി പുനഃസംഘടനയിലടക്കം ചര്‍ച്ചകള്‍ ആരംഭിച്ചട്ടേയുള്ളു. കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ചര്‍ച്ചകള്‍ക്കായി ശനിയാഴ്ച കേരളത്തില്‍ എത്തും.
കോണ്‍ഗ്രസില്‍ ചര്‍ച്ചകളില്ലെന്ന ഉമ്മന്‍ചാണ്ടിയുടെയും, രമേശ് ചെന്നിത്തലയുടെയും അഭിപ്രായത്തിനൊപ്പമാണ് സുധീരനും എന്ന് വേണം വിലയിരുത്താന്‍. കോണ്‍ഗ്രസില്‍ സുധീരന്‍റെ ഔദ്യോഗികമായുള്ള ഏക ചുമതലയാണ് രാഷ്ട്രീയകാര്യസമിതിയിലെ അംഗമെന്നത്. ഇത് രാജിവച്ചതോടെ സുധീരന്‍ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മാത്രമായി മാറുകയാണ്.
ഇത് സുധീരന്‍ നേതൃത്വത്തിന് നല്‍കുന്ന മുന്നറിയിപ്പായാണ് രാഷ്ട്രീയ വിലയിരുത്തല്‍. കെ.പി അനില്‍കമാറും, ജി. രതികുമാറും പാര്‍ട്ടി വിട്ടപ്പോഴും പോകുന്നവര്‍ പോകട്ടെയെന്ന നിലപാടെടുത്ത സുധാകരനും, സതീശനും എന്നാല്‍ സുധീരന്‍റെ കാര്യത്തില്‍ ആ നിലപാട് എടുക്കില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ സുധീരനുമായി ചര്‍ച്ച നടത്താനാവും ഇരുവരുടെയും ശ്രമം.
ALSO READ:കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ച് വിഎം സുധീരന്‍