തിരുവനന്തപുരം:തെരഞ്ഞെടുപ്പിനെ തുടർന്ന് മാറ്റിവച്ച എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങി. കൊവിഡ് രണ്ടാം തരംഗ ഭീഷണിയുടെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് പരീക്ഷ നടക്കുന്നത്. 2947 കേന്ദ്രങ്ങളിലായി 4,22,226 വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. ഇതിൽ 2,15,660 പേർ ആൺകുട്ടികളും 2,06,566 പേർ പെൺകുട്ടികളുമാണ്. ഉച്ചയ്ക്ക്1.40 മുതലാണ് പരീക്ഷ ആരംഭിച്ചത്. പരീക്ഷാ നടത്തിപ്പ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കർശന നിർദേശമുണ്ട്.
പരീക്ഷാകേന്ദ്രത്തിൽ പ്രവേശന കവാടത്തിലും, ക്ലാസ് മുറികൾക്ക് മുന്നിലും വിദ്യാർഥികൾക്ക് കൈകഴുകാൻ സോപ്പും, വെള്ളവും ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികൾ മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുന്നുവെന്ന് അധ്യാപകർ ഉറപ്പാക്കിയാണ് ക്ലാസ് മുറിയിലേക്ക് പ്രവേശിപ്പിക്കുന്നത്. പേന, ഇൻസ്ട്രുമെന്‍റ് ബോക്‌സ് എന്നിവ കൈമാറ്റം ചെയ്യാൻ അനുവദിക്കില്ല.