തിരുവനന്തപുരം: ശ്രീകാര്യത്ത് മദ്യപാനത്തിനിടെ സുഹൃത്തുക്കൾ യുവാവിനെ അടിച്ചുകൊന്ന സംഭവത്തിൽ പ്രതികൾ പിടിയിൽ. കട്ടേല തെക്കേകരപുത്തൻ വീട്ടിൽ വിനോദ് എന്ന ഗിരീഷ് (35), കുളത്തൂർ കിഴക്കുംകര സ്വദേശി അനീഷ് എന്നിവരാണ് അറസ്‌റ്റിലായത്. ശ്രീകാര്യം അമ്പാടി നഗർ സ്വദേശി സാജു (39) ആണ് കൊല്ലപ്പെട്ടത്.
മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശനിയാഴ്‌ച(14.01.2023) രാത്രി ഒമ്പത് മണിയോടെ സുഹൃത്തുക്കളായ അനീഷ്, വിനോദ് എന്നിവരുമായി സാജു മദ്യപിക്കാനായി ഒത്തുകൂടിയിരുന്നു. പിന്നീട് ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടായി. തുടർന്ന് സാജുവിന്‍റെ മൊബൈൽ ഇവർ ബലമായി പിടിച്ചു വാങ്ങി.
വീട്ടിലേക്ക് മടങ്ങിയ സാജുവിനെ ഓട്ടോയിലെത്തിയ പ്രതികൾ ബലമായി പിടിച്ച് കൊണ്ട് കട്ടേല ഹോളി ട്രിനിറ്റി സ്‌കൂളിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ എത്തിച്ചു. മൊബൈൽ തിരികെ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് സാജുവും സുഹൃത്തുക്കളുമായി തർക്കമായി. തുടർന്ന് കല്ലും തടികഷണങ്ങളും ഉപയോഗിച്ച് പ്രതികൾ സാജുവിനെ ക്രൂരമായി മർദിച്ചു.