കേരളം

kerala

ETV Bharat / state

എമര്‍ജന്‍സി ബ്രീതിങ് അസിസ്റ്റ് സിസ്റ്റവുമായി ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് - ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

വെന്‍റിലേറ്ററിന് ബദലല്ല എമര്‍ജന്‍സി ബ്രീതിങ് അസിസ്റ്റ് സിസ്റ്റം. വെന്‍റിലേറ്റര്‍ ലഭ്യമാകുന്നത് വരെ പകരം സംവിധാനമായി പ്രവര്‍ത്തിപ്പിക്കാം. അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് രൂപകല്‍പന

Sree Chithra Thirunal Institute  എമര്‍ജന്‍സി ബ്രീതിങ് അസിസ്റ്റ് സിസ്റ്റം  ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  കൊവിഡ്-19 കേസുകള്‍
ശ്രീചിത്ര

By

Published : Jul 6, 2020, 1:20 PM IST

തിരുവനന്തപുരം: കൊവിഡ്-19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ രോഗികൾക്ക് ഏറെ ഉപകാരപ്രദമായ ശ്വസന സഹായ ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്നോളജി. ഗുരുതരമായ കൊവിഡ് രോഗികള്‍കളുടെ ജീവന്‍ രക്ഷിക്കാന്‍ വെന്‍റിലേറ്റര്‍ സംവിധാനം ആവശ്യമാണ്. രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോൾ ആവശ്യമായത്ര വെന്‍റിലേറ്ററുകള്‍ ലഭ്യമല്ലാത്ത ഗുരുതരമായ സ്ഥിതിയിലേക്കാണ് രാജ്യം നീങ്ങുന്നത്. ഇത് മുന്നില്‍കണ്ടാണ് എമര്‍ജന്‍സി ബ്രീതിങ് അസിസ്റ്റ് സിസ്റ്റം ശ്രീചിത്ര വികസിപ്പിച്ചെടുത്തത്.

വെന്‍റിലേറ്ററിന് ബദലല്ല എമര്‍ജന്‍സി ബ്രീതിങ് അസിസ്റ്റ് സിസ്റ്റം. വെന്‍റിലേറ്റര്‍ ലഭ്യമാകുന്നത് വരെ പകരം സംവിധാനമായി പ്രവര്‍ത്തിപ്പിക്കാം. മണിക്കൂറുകള്‍ മുതല്‍ ഏതാനും ദിവസങ്ങള്‍ വരെ ബ്രീതിങ് അസിസ്റ്റ് സിസ്റ്റം ഉപയോഗിക്കാം. അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഉപകരണത്തിന്‍റെ രൂപകല്‍പന. ശ്രീചിത്രയുടെ ബയോടെക്നോളജി വിഭാഗത്തിലെ ഡിവിഷന്‍ ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഓര്‍ഗന്‍സിലെ എന്‍ജിനീയര്‍മാരായ ശരത്, വിനോദ്, നാഗേഷ് എന്നിവരും അനസ്തേഷ്യ വിഭാഗത്തിലെ ഡോക്‌ടര്‍മാരായ പ്രൊഫ. തോമസ് കോശി, പ്രൊഫ. മണികണ്‌ഠന്‍ എന്നിവരും ചേർന്നാണ് ഉപകരണം വികസിപ്പിച്ചത്. വിപ്രോയുമായി ചേര്‍ന്നാണ് സംവിധാനം.

ഉപകരണത്തിലെ ബാഗ് വാല്‍വ് മാസ്‌ക് സംവിധാനം നിശ്ചിത ഇടവേളകളില്‍ സ്വയം പ്രവര്‍ത്തിച്ച് വായു അകത്തേക്ക് വലിക്കുകയും പുറത്തുവിടുകയും ചെയ്യുന്നതിലൂടെ രോഗിയുടെ ശരീരത്തില്‍ ഓക്‌സിജന്‍ എത്തിക്കാനും പോസിറ്റീവ് പ്രഷര്‍ നല്‍കാനും എയര്‍ബ്രിഡ്‌ജിന് കഴിയും. ടൈഡല്‍ വോള്യം, ഒരു മിനിറ്റിലെ ശ്വാസോച്ഛ്വാസ നിരക്ക്, ശ്വസന-ഉച്ഛ്വാസ അനുപാതം എന്നിവ ഇതില്‍ ക്രമീകരിക്കാന്‍ സാധിക്കും. പ്രവര്‍ത്തിക്കുമ്പോള്‍ എയര്‍ബ്രിഡ്‌ജ് ഇവ കണക്കാക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യും. മുന്നറിയിപ്പും സഹായ അഭ്യര്‍ഥനയും നല്‍കുന്നതിന് സംവിധാനവും ഇതിലുണ്ട്. രോഗികളുടെ ശരീരവുമായി എയര്‍ബ്രിഡ്‌ജ് ബന്ധിപ്പിക്കുന്നതിന് ബ്രീതിങ് ട്യൂബുകള്‍, പിഇഇപി വാല്‍വ്, ബാക്‌ടീരിയ-വൈറസ് ഫില്‍റ്ററുകള്‍ എന്നിവ ആവശ്യമാണ്.

ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് അനായാസം മാറ്റാന്‍ കഴിയുന്ന ഉപകരണം ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്. താരതമ്യേന കുറഞ്ഞ പ്രവര്‍ത്തനച്ചെലവുളള എയര്‍ബ്രിഡ്‌ജ് പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ചവരുടെ സേവനം ആവശ്യമില്ല. നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇത് അനായാസം പ്രവര്‍ത്തിപ്പിക്കാം. വെന്‍റിലേറ്റര്‍ ലഭ്യമാകുന്നത് വരെ ആംബുലന്‍സുകള്‍, വാര്‍ഡുകള്‍, ഐസിയുകള്‍ എന്നിവിടങ്ങളില്‍ കൊവിഡ്-19 ബാധിതര്‍ക്കും മറ്റ് രോഗികള്‍ക്കും എയര്‍ബ്രിഡ്‌ജ് ഉപയോഗിക്കാം. ഓക്‌സിജന്‍ പ്ലാന്‍റുകള്‍ ഇല്ലാത്ത ചെറിയ ആശുപത്രികളിലും ഓക്‌സിജന്‍ സിലിണ്ടറിന്‍റെ സഹായത്തോടെ അത്യാവശ്യഘട്ടങ്ങളില്‍ ഇത് പ്രയോജനപ്പെടുത്താനാകും. ചൊവ്വാഴ്‌ച എമര്‍ജന്‍സി ബ്രീതിങ് അസിസ്റ്റ് സിസ്റ്റം ഔദ്യോഗികമായി പുറത്തിറക്കും.

ABOUT THE AUTHOR

...view details