കേരളം

kerala

ETV Bharat / state

സാമ്പത്തിക പ്രതിസന്ധി തടസമാകില്ല; എസ്എംഎക്ക് അതിനൂതന ശസ്ത്രക്രിയ ഇനി തലസ്ഥാനത്തും; 14 കാരിക്ക് ഇത് പുതുജീവിതം - latest news in kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇനി മുതല്‍ എസ്എംഎ രോഗികള്‍ക്ക് സ്പൈന്‍ സര്‍ജറി. പതിനാലുകാരിയുടെ ശസ്‌ത്രക്രിയ വിജയകരം.

Thiruvananthapuram medical college  Spinal muscular atrophy surgery  Spinal muscular atrophy  സാമ്പത്തിക പ്രതിസന്ധി തടസമാകില്ല  എസ്എംഎക്ക് അതിനൂതന ശസ്ത്രക്രിയ ഇനി തലസ്ഥാനത്തും  14 കാരിക്ക് ഇത് പുതുജീവിതം  എസ്എംഎ രോഗി  എസ്എംഎ രോഗികള്‍ക്ക് സ്പൈന്‍ സര്‍ജറി  ശസ്‌ത്രക്രിയ വിജയകരം  സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി  സ്പൈന്‍ സ്‌കോളിയോസിസ് സര്‍ജറി  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala  latest news in kerala  kerala news live
എസ്എംഎക്ക് അതിനൂതന ശസ്ത്രക്രിയ ഇനി തലസ്ഥാനത്തും

By

Published : May 27, 2023, 6:26 PM IST

തിരുവനന്തപുരം: സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) ബാധിച്ച കുട്ടികളില്‍ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖലയിലും യാഥാര്‍ഥ്യമാക്കി ആരോഗ്യ വകുപ്പ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് എസ്.എം.എ രോഗികള്‍ക്ക് ആശ്വാസമാകുന്ന ശസ്ത്രക്രിയ ആരംഭിച്ചത്. ലക്ഷങ്ങള്‍ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് ഇതോടെ ജനങ്ങള്‍ക്ക് സൗജന്യമായി ലഭിക്കുക.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഓര്‍ത്തോപീഡിക് വിഭാഗത്തിന്‍റെ മേല്‍നോട്ടത്തില്‍ നടത്തിയ സ്പൈന്‍ സ്‌കോളിയോസിസ് സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കി. എസ്.എം.എ ബാധിച്ച് കഴിഞ്ഞ 11 വര്‍ഷമായി വീല്‍ച്ചെയറില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിനിയായ 14 വയസുകാരിക്കാണ് ശസ്ത്രക്രിയ നടത്തിയത്. എട്ടുമണിക്കൂര്‍ നീണ്ടുനിന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയില്‍ നട്ടെല്ലിലെ കശേരുക്കളില്‍ ടൈറ്റാനിയം നിര്‍മിത റോഡുകളുള്‍പ്പെടെയുള്ളവ ഘടിപ്പിച്ച് നട്ടെല്ലിലെ വളവ് നേരെയാക്കി. പെണ്‍കുട്ടി സുഖം പ്രാപിച്ച് വരികയാണ്.

ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തിലേയും അനസ്തേഷ്യ വിഭാഗത്തിലേയും നഴ്‌സിങ് വിഭാഗത്തിലേയും പ്രത്യേക പരിശീലനം ലഭിച്ചവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. എസ്.എം.എ. ബാധിച്ച കുട്ടികള്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ മാത്രം ചെയ്‌തിരുന്ന സര്‍ജറിയാണ് മെഡിക്കല്‍ കോളജിലും യാഥാര്‍ഥ്യമാക്കിയത്.

സ്വകാര്യ ആശുപത്രികളില്‍ 15 ലക്ഷത്തോളം രൂപ ചെലവ് വരുന്ന സര്‍ജറിയാണിത്. ഓര്‍ത്തോപീഡിക് വിഭാഗത്തില്‍ പ്രത്യേക ഓപറേഷന്‍ ടേബിള്‍ അടക്കം സജ്ജമാക്കിയാണ് ഈ സങ്കീര്‍ണമായ ശസ്ത്രക്രിയ യാഥാര്‍ഥ്യമാക്കിയത്. എസ്.എം.എ രോഗികളുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി എസ്.എം.എ ക്ലിനിക് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ നേരത്തെ ആരംഭിച്ചിരുന്നു.

എസ്.എ.ടി. ആശുപത്രിയെ കേന്ദ്ര സര്‍ക്കാര്‍ അപൂര്‍വ രോഗങ്ങള്‍ക്ക് വേണ്ടിയുള്ള സെന്‍റര്‍ ഓഫ് എക്‌സലന്‍സ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതുകൂടാതെയാണ് എസ്.എം.എ ബാധിച്ച കുട്ടികള്‍ക്ക് സ്പൈന്‍ സ്‌കോളിയോസിസ് സര്‍ജറിയ്ക്ക് പുതിയ സംവിധാനം ഒരുങ്ങിയത്. സ്പൈന്‍ സ്‌കോളിയോസിസ് സര്‍ജറിയ്ക്കായി വേണ്ട സംവിധാനമൊരുക്കാന്‍ ജനുവരിയില്‍ തന്നെ ആരോഗ്യ വകുപ്പ് തീരുമാനിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ യോഗം വിളിച്ച് ചേര്‍ത്ത് നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു. ഇതോടെയാണ് സങ്കീര്‍ണമായ ശസ്ത്രക്രിയ യാഥാര്‍ഥ്യമായത്. സാമ്പത്തിക പ്രതിസന്ധി മൂലം ശസ്ത്രക്രിയ അടക്കം മുടങ്ങിയ നിരവധി പേര്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കും.

എസ്.എം.എ രോഗം ബാധിച്ചവര്‍ക്കും രോഗം സംശയിക്കുന്നവര്‍ക്കും ആവശ്യമായ പരിശോധനകള്‍ക്ക് ഏറെ ചെലവേറിയതാണ്. എസ്.എ.ടി ആശുപത്രിയിലെ എസ്.എം.എ ക്ലിനിക്ക് രോഗികള്‍ക്ക് ഏറെ സഹായകമായിരുന്നു. പരിശോധനയ്‌ക്കും ചികിത്സക്കും ആവശ്യമായ മുഴുവന്‍ സൗകര്യത്തോടെയാണ് ഈ ക്ലിനിക്ക് പ്രവര്‍ത്തിച്ചിരുന്നത്.

പീഡിയാട്രിക് ന്യൂറോളജിസ്റ്റിനെ കൂടാതെ കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും ജനിതക പരിശോധന നടത്തുന്നതിനും കൗണ്‍സിലിങ്ങ് നല്‍കുന്നതിനും ജനിതക സ്‌പെഷ്യലിസ്റ്റ്, ശ്വാസകോശ രോഗ വിദഗ്‌ധന്‍, അസ്ഥിരോഗ വിദഗ്‌ധന്‍, ന്യൂട്രീഷ്യന്‍, ഫിസിയോ തെറാപ്പിസ്റ്റ്, ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ്, സാന്ത്വന പരിചരണ വിഭാഗം എന്നിവയുള്‍പ്പെടുത്തിയാണ് ക്ലിനിക്കിന്‍റെ പ്രവര്‍ത്തനം.

നിലവില്‍ എല്ലാ മാസത്തിലും ആദ്യ ചൊവ്വാഴ്‌ചയാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. ഇത്തരം ക്ലിനിക്കുകളുടെ പ്രവര്‍ത്തനം സംസ്ഥാനത്തെ മറ്റ് മെഡിക്കല്‍ കോളജിലേക്കും വ്യാപിപ്പിക്കാനുള്ള നടപടികളിലാണ് ആരോഗ്യ വകുപ്പ്.

എന്താണ് സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി:ശരീര പേശികളുടെ ശക്തി വീണ്ടെടുക്കാന്‍ കഴിയാത്ത വിധത്തില്‍ ക്രമേണ കുറഞ്ഞ് വരുന്ന ജനിതക രോഗമാണ് സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി. രാജ്യത്ത് ജനിച്ച് വീഴുന്ന 10,000 കുഞ്ഞുങ്ങളില്‍ ഒരു കുഞ്ഞ് എന്ന കണക്കില്‍ ഈ അസുഖം കണ്ടുവരുന്നുണ്ട്. ശരീര പേശികളെ നിയന്ത്രിക്കുന്ന സുഷുമ്‌ന നാഡികളിലെ ജീനുകള്‍ക്ക് നാശം സംഭവിക്കുന്നതാണ് ഇത്തരം അവസ്ഥകള്‍ക്ക് കാരണം.

ABOUT THE AUTHOR

...view details