തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍റെ മദ്യ വില്പന കേന്ദ്രങ്ങള്‍ക്ക് മുന്നിലെ തിരക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്യ വില്പന കേന്ദ്രത്തിന് മുന്നിലെ വലിയ ക്യൂ സംസ്ഥാനത്ത് മൊത്തത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രത്യേക കൗണ്ടറുകള്‍ എല്ലാ വില്പന കേന്ദ്രങ്ങളിലും സജ്ജീകരിക്കും.
Read More:ഹൈക്കോടതിയും ചോദിക്കുന്നു? മദ്യത്തിന് 500 പേര്‍, വിവാഹത്തിന് 20! സര്‍ക്കാര്‍ വിശദീകരിക്കണം
ഈ കൗണ്ടറുകളില്‍ മുന്‍കൂര്‍ പണം നല്‍കി മദ്യം വാങ്ങാം. വേഗത്തില്‍ മദ്യം വിതരണം ചെയ്യുന്നതിനാണ് ഈ സംവിധാനം. കൂടാതെ തിരക്കുള്ള സ്ഥലങ്ങളില്‍ കൗണ്ടറുകള്‍ തുറക്കും. തിരക്ക് ഒഴിവാക്കാന്‍ മറ്റ് ശാസ്ത്രീയ സംവിധാനങ്ങളെ കുറിച്ച് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടത്തിനെതിരെ നേരത്തെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. മദ്യത്തിനായ് ക്യൂ നിൽക്കുന്നവർക്ക് കൊവിഡുണ്ടോ ഇല്ലയോ എന്ന് സര്‍ക്കാരിന് ഉറപ്പുണ്ടോയെന്ന് കോടതി അന്വേഷിച്ചിരുന്നു.
തൃശൂർ കറുപ്പം റോഡിൽ ബെവ്കോ ഔട്ട്ലറ്റിന് മുന്നിലെ തിരക്ക് കച്ചവടത്തിന് തടസം ഉണ്ടാക്കുന്നുവെന്ന് ചുണ്ടിക്കാട്ടി കടയുടമകൾ സമർപ്പിച്ച ഹർജിയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് കോടതി വിമർശനം ഉന്നയിച്ചത്. കേസ് അടുത്ത ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കാനിരിക്കവെ ആണ് മദ്യ വില്പന കേന്ദ്രങ്ങളിൽ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ തീരുമാനം.