കേരളം

kerala

ETV Bharat / state

മാസപ്പടി വിവാദം: മാത്യു കുഴല്‍നാടന്‍റെ പരാമര്‍ശം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് സ്‌പീക്കറുടെ റൂളിങ്, നിയമസഭയില്‍ നാടകീയ രംഗം

വിഡി സതീശനും മുതിര്‍ന്ന നേതാക്കളും കൈവയ്‌ക്കാതിരുന്ന വിഷയം ജൂനിയറായ മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ ഉന്നയിക്കുകയായിരുന്നു

speaker an shamseer ruling  Mathew Kuzhalnadan remark on monthly quota  മാസപ്പടി വിവാദം  മാത്യു കുഴല്‍നാടന്‍റെ പരാമര്‍ശം
മാസപ്പടി വിവാദം

By

Published : Aug 10, 2023, 10:02 PM IST

തിരുവനന്തപുരം:മാസപ്പടി വിവാദത്തില്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. നേരത്തെ ചട്ടപ്രകാരം ഉന്നയിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും മുതിര്‍ന്ന നേതാക്കളും വ്യക്തമാക്കിയ മാസപ്പടി വിവാദം ജൂനിയറായ മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ ഉന്നയിച്ചു. ഗവണ്‍മെന്‍റ് ഭൂമി പതിച്ചുകൊടുക്കല്‍ ഭേദഗതി ബില്ലില്‍ ചര്‍ച്ച നടക്കുമ്പോഴാണ് മാസപ്പടി വിവാദം, മാത്യു സഭയില്‍ ഉന്നയിച്ചത്.

ആരുടേയും പേര് പറയാതെയാണ് മാത്യു കുഴല്‍നാടന്‍ സഭയില്‍ പരാമര്‍ശിച്ചത്. ലോക്‌പാല്‍ നിയമത്തില്‍ സിപിഎം നിലപാട് പറഞ്ഞായിരുന്നു വിഷയം ഉന്നയിച്ചത്. എന്നാല്‍, തുടക്കം മുതല്‍ തന്നെ സ്‌പീക്കര്‍ വിഷയത്തില്‍ ഇടപെട്ടു. ബില്ലിന്‍റെ ഉള്ളില്‍ നിന്ന് സംസാരിക്കണമെന്നും പുറത്ത് നിന്നുള്ള വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കരുതെന്നും സ്‌പീക്കര്‍ വ്യക്തമാക്കി. ചട്ടവും റൂളും പലിക്കാത്തതൊന്നും സഭാരേഖയില്‍ ഉണ്ടാകില്ലെന്നും സ്‌പീക്കര്‍ വ്യക്തമാക്കി. ചട്ടവും റൂളും പറഞ്ഞായിരുന്നു സ്‌പീക്കറുടെ ഇടപെടല്‍.

ഇത് തള്ളിയ മാത്യു കുഴല്‍നാടന്‍ വീണ്ടും മാസപ്പടി വിവാദം പരാമര്‍ശിച്ച് പ്രസംഗം തുടര്‍ന്നതോടെ മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍ എന്നിവര്‍ ബില്ലിന്‍റെ സ്‌പിരിറ്റ് ഉള്‍ക്കൊണ്ട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, വഴങ്ങാന്‍ മാത്യു കുഴല്‍നാടന്‍ തയ്യാറായില്ല. വീണ്ടും വിഷയം പരാമര്‍ശിച്ച് പ്രസംഗം തുടര്‍ന്നു. ആദായ നികുതി വകുപ്പിന്‍റെ റിപ്പോര്‍ട്ട് സഭയില്‍ വായ്ക്കാനും തുടങ്ങി. ഇതോടെ സ്‌പീക്കര്‍, മാത്യു കുഴല്‍നാടന്‍റെ മൈക്ക് ഓഫ് ചെയ്‌തു.

എന്നാല്‍, മൈക്ക് ഓഫ് ചെയ്‌തതില്‍ പ്രതിപക്ഷത്ത് നിന്നും ആദ്യം പ്രതിഷേധം ഒന്നും ഉണ്ടായില്ല. പിന്നീടാണ് സഭ ബഹിഷ്‌കരിക്കാനുള്ള തീരുമാനം പ്രതിപക്ഷം എടുത്തത്. ഇതിന് പിന്നാലെ തന്നെ ചട്ടം പാലിക്കാതെയുള്ള മാത്യു കുഴല്‍നാടന്‍റെ പരാമര്‍ശങ്ങള്‍ സഭാരേഖയില്‍ നിന്നും നീക്കുകയാണെന്നും സ്‌പീക്കര്‍ അറിയിച്ചു. ഇതോടൊപ്പം സഭാരേഖകളില്‍ നിന്നും നീക്കം ചെയ്‌ത മാത്യു കുഴല്‍നാടന്‍റെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും റൂളിങ് നല്‍കി.

വിഷയത്തില്‍ ഏകനായി മാത്യു കുഴല്‍നാടന്‍:വിവാദം പുറത്തുവന്ന് രണ്ട് ദിവസമായിട്ടും ഈ വിഷയം സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നില്ല. ചട്ടപ്രകാരം അടിയന്തര പ്രമേയമായി ഉന്നയിക്കാന്‍ കഴിയില്ലെന്നും അഴിമതി ആരോപണമായതിനാല്‍ ചട്ടപ്രകാരമെ അനുവദിക്കാന്‍ കഴിയുകയുള്ളൂവെന്നുമായിരുന്നു പ്രതിപക്ഷ നേതാക്കളുടെ നിലപാട്. ചട്ടങ്ങള്‍ എല്ലാം പാലിച്ചുതന്നെ വിഷയം ഉന്നയിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍, ഇവയെല്ലാം തള്ളിയാണ് മാത്യു കുഴല്‍നാടന്‍ ഏകനായി വിഷയം സഭയില്‍ പരാമര്‍ശിച്ചത്.

പ്രതിപക്ഷ നേതാവടക്കം പ്രമുഖ നേതാക്കളാരും സഭയില്‍ ഇല്ലാതിരുന്നപ്പോളാണ് മാത്യു കുഴല്‍നാടന്‍റെ ഇടപെടല്‍. കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും മാത്യു കുഴല്‍നാടനുമടക്കം മാസപ്പടി വിവാദം സഭയില്‍ ഉന്നയിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലികുട്ടി തുടങ്ങിയ മുതിര്‍ന്ന യുഡിഎഫ് നേതാക്കളുടെ പേരുള്ളതിനാല്‍ എല്ലാം പഠിച്ച ശേഷം നടപടി എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. എന്നാല്‍, ഇതെല്ലാം തള്ളിയാണ് മാത്യു കുഴല്‍നാടന്‍ സഭയില്‍ വിഷയം ഉന്നയിച്ചത്.

ALSO READ |'വീണ വിജയനെതിരായ മാസപ്പടി ആരോപണങ്ങളില്‍ വസ്‌തുതയില്ല'; പുതുപ്പള്ളി തെരഞ്ഞെടുപ്പ് കണ്ടുള്ള ഗൂഢാലോചനയെന്ന് സിപിഎം

ABOUT THE AUTHOR

...view details