തിരുവനന്തപുരം: മിത്ത് പരാമര്‍ശത്തില്‍ സ്‌പീക്കര്‍ എഎന്‍ ഷംസീറിനെതിരെ മാനനഷ്‌ട കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് പൊതുപ്രവര്‍ത്തകനും ബിജെപി നേതാവുമായ ആര്‍എസ് രാജീവ്. പരാതിക്കാരന്‍റെ മൊഴി രേഖപ്പെടുത്തിയ കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സുമി. പി എസാണ് കേസ് പരിഗണിച്ചത്.
ഹിന്ദുമത വിശ്വാസത്തെ സംബന്ധിച്ച് ഏതു പ്രവർത്തികളും തുടങ്ങുന്നത് ഗണപതി ആരാധനയോട് കൂടിയാണ്. ഇത്തരം വിശ്വാസത്തെയാണ് സ്‌പീക്കര്‍ അറിഞ്ഞ് കൊണ്ട് തകര്‍ത്തതെന്ന് രാജീവ് കോടതിയില്‍ പറഞ്ഞു. സ്‌പീക്കറുടെ പരാമര്‍ശം വിശ്വാസികളുടെ മനസിനെ വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ രാജീവ് മാനനഷ്‌ടത്തിന് കേസെടുക്കാനും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കേസിന്‍റെ തുടര്‍ മൊഴിയെടുപ്പ് വ്യാഴാഴ്‌ച (ഓഗസ്റ്റ് 10) തുടരും.
സ്‌പീക്കറും മിത്ത് പരാമര്‍ശവും: ഇക്കഴിഞ്ഞ ജൂണ്‍ 21നായിരുന്നു വിവാദങ്ങള്‍ ഉയരാന്‍ കാരണമായ പരാമര്‍ശം നിയമസഭ സ്‌പീക്കര്‍ നടത്തിയത്. ജിഎച്ച്എസ്എസിൽ നടന്ന വിദ്യാ ജോതി പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു പരാമര്‍ശം. ''വന്ധ്യത ചികിത്സയും വിമാനവും പ്ലാസ്‌റ്റിക് സര്‍ജറിയുമെല്ലാം ഹിന്ദുത്വക്കാലം മുതല്‍ ഉണ്ടെന്ന് എഎന്‍ ഷംസീര്‍ പറഞ്ഞു. താന്‍ സ്‌കൂളില്‍ പഠിച്ച കാലത്ത് വിമാനം കണ്ടുപിടിച്ചതെന്ന ചോദ്യത്തിന് റൈറ്റ് ബ്രദേഴ്‌സ് എന്നായിരുന്നു ഉത്തരമെന്നും എന്നാല്‍ ഇന്നാലിപ്പോള്‍ ആദ്യ വിമാനം പുഷ്‌പക വിമാനമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗണപതിയും പുഷ്‌പക വിമാനവും ശാസ്‌ത്രമല്ല. അതെല്ലാം വെറും മിത്തുകളാണ്. ഹിന്ദുത്വക്കാലത്തുള്ള അന്ധവിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍റസിന്‍റെ കാലത്ത് ഇതെല്ലാം വെറും മിത്തുക്കളാണ്. സമൂഹത്തില്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങളിലെ സംഭവങ്ങളെല്ലാം. ആനയുടെ തലവെട്ടി പ്ലാസ്‌റ്റിക് സര്‍ജറി ചെയ്‌തതായി പഠിപ്പിക്കുന്നു. മാത്രമല്ല പുഷ്‌പക വിമാനമെന്നത് തെറ്റായ പ്രചാരണമാണ്. നിങ്ങള്‍ ടെക്‌നോളജി യുഗത്തില്‍ വിശ്വസിക്കണം അതിനെ അംഗീകരിക്കണം. മിത്തുക്കളെ തള്ളി കളയുകയും വേണം'' തുടങ്ങി കുന്നത്തുനാട് സ്‌കൂളില്‍ നടത്തിയ പരാമര്‍ശമാണ് സ്‌പീക്കര്‍ക്കെതിരെ വിവാദങ്ങള്‍ ഉയരാന്‍ കാരണമായത്.