തിരുവനന്തപുരം:ഗവർണർ - സർക്കാർ പോര് മുറുകിയിട്ട് നാളുകൾ ഒരുപാടായി. സ്വജനപക്ഷപാത വാദവുമായി ഗവർണറും ഗവർണറെ നിലക്ക് നിർത്താൻ സർക്കാരും കച്ചകെട്ടിയിറങ്ങിയിട്ട് നാളുകൾ ഒരുപാടായി. ഒടുക്കം ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ വരെ പാസാക്കി. എന്നാൽ ബില്ലിൽ ഇതുവരെയും ഗവർണർ ഒപ്പ് വച്ചിട്ടില്ല.
മലയാളം സർവകലാശാല വിസിയുടെ ചുമതല എം. ജി. സർവകലാശാല വിസി ഡോ സാബുതോമസിന് നൽകിയതോടെ ഗവർണറുടെ നടപടി നിലപാടുകളിൽ നിന്നുള്ള വ്യതിചലനമാണെന്ന് വ്യക്തമായി. കാർഷിക സർവകലാശാലയിലെ വിസി നിയമത്തിലെ മൗനവും സാബു തോമസിന്‍റെ നിയമനവുമാണ് ഗവർണറുടെ നിലപാടിനെ സംശയത്തിലാക്കിയിരിക്കുന്നത്.
സാങ്കേതിക സർവകലാശാല, മലയാള സർവകലാശാല വൈസ് ചാൻസലർ ചുമതല നൽകുന്നതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ തീരുമാനം അക്ഷരാർഥത്തിൽ ഇരട്ട നിലപാടാണ്. ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വിസി ഡോ സജി ഗോപിനാഥിനാണ് സാങ്കേതിക സർവകലാശാലയിൽ വിസിയുടെ ചുമതല നൽകാൻ സർക്കാർ നിർദേശിച്ചത്. എന്നാൽ നിർദേശം അംഗീകരിക്കാത്ത ഗവർണർ സാങ്കേതിക വിദ്യാഭ്യാസ ഡയറക്‌ടറേറ്റിലെ സീനിയർ ജോയിന്‍റ് ഡയറക്‌ടർ ഡോ. സിസ തോമസിനു ചുമതല നൽകുകയായിരുന്നു. ഗവർണർ ഈ നടപടി സ്വീകരിച്ചത് യുജിസി ചട്ടം ലംഘിച്ചു നിയമനം ലഭിച്ചതിന്‍റെ പേരിൽ സജി ഗോപിനാഥിനു കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ടെന്ന പേരിലായിരുന്നു.
കാലിക്കറ്റ് വൈസ് ചാൻസലർ ഡോ. എം കെ ജയരാജിനു മലയാള സർവകലാശാല വിസിയുടെ ചുമതല നൽകണമെന്നായിരുന്നു സർക്കാരിന്‍റെ ശുപാർശ. മലയാളം സർവകലാശാലയിൽ താത്‌കാലിക വിസി യായി സർക്കാർ കാലിക്കറ്റ് വൈസ് ചാൻസലറുടെ പേര് നിർദേശിച്ചിരുന്നുവെങ്കിലും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കാരണം കാണിക്കൽ നോട്ടിസ് പറ്റിയിരിക്കുന്ന ആളായതിനാൽ ഗവർണർ എം കെ ജയരാജിനെ ഒഴിവാക്കുകയായിരുന്നു.