ആടുതോമയും ചാക്കോ മാഷും ഒരിക്കല്‍ കൂടി എത്തുന്നു; 4കെ ദൃശ്യമികവിൽ റിലീസിനൊരുങ്ങി സ്‌ഫടികം, രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒടിടിയില്‍ തിരുവനന്തപുരം : സ്‌ഫടികം സിനിമ 4കെ ദൃശ്യമികവോടെ നാളെ ലോകത്താകമാനം തിയേറ്ററുകളില്‍. എക്കാലത്തെയും എവര്‍ഗ്രീന്‍ ചിത്രം റിലീസിനായി ഒരുങ്ങുമ്പോള്‍ തികഞ്ഞ ആവേശത്തിലാണ് പ്രേക്ഷകര്‍. ചിത്രത്തിന്‍റെ കണ്ടന്‍റില്‍ മാറ്റമില്ലെങ്കിലും കഥാപാത്രങ്ങൾ ഉൾപ്പെടാത്ത ചില സീനുകൾ കൂടി ചേര്‍ത്തിട്ടുണ്ടെന്ന് സംവിധായകന്‍ ഭദ്രന്‍ പറഞ്ഞു. ശബ്‌ദങ്ങൾ വീണ്ടും പുനഃസൃഷ്‌ടിച്ച് 4കെയിലേയ്‌ക്ക് മാറ്റി. സിനിമ നിര്‍മിക്കാന്‍ കാരണം തന്നെ 10 വർഷത്തെ മലയാളികളുടെ കത്തുകളുടെ ഫലമാണ് - അദ്ദേഹം വിശദീകരിച്ചു.
കഥാപാത്രത്തെ സ്‌നേഹിക്കുന്നവര്‍ ഇപ്പോഴുമുണ്ട്:'ജിയോ മെട്രിക്‌സിന്‍റെ സഹായത്തോടെ ചിത്രം ഡിജിറ്റലൈസ് ചെയ്യാൻ കഴിഞ്ഞു. ആളുകൾ ഹൃദയത്തോട് ചേർത്തുവച്ച സിനിമ പുനസൃഷ്‌ടിക്കാൻ പണം മാത്രം പോരായിരുന്നു. ആട് തോമയെ, ചാക്കോ മാഷിനെ സ്നേഹിക്കുന്ന കുറെ ആളുകളുണ്ടെന്ന്' അദ്ദേഹം പറഞ്ഞു.
മറ്റുള്ളവരെ കണ്ട് പഠിക്ക് എന്ന് പറയുന്ന മാതാപിതാക്കൾ ഇപ്പോഴും ഉണ്ട്, അതാണ് ഈ സിനിമയുടെ പ്രസക്തിയെന്ന് ഭദ്രന്‍ അഭിപ്രായപ്പെട്ടു. 'നല്ല തിരക്കഥ, ഫിനാൻസ് എന്നിവ ഒത്തുവരാത്തതാണ് ഉടയോന് ശേഷം മറ്റൊരു സിനിമ ഉണ്ടാകാത്തത്. ഞാൻ ആഗ്രഹിക്കുന്ന സിനിമ എടുത്ത് ആളുകളുടെ ആസ്വാദനതലം മാറ്റണം എന്ന് ആഗ്രഹിക്കുന്നുവെന്നും ഭദ്രന്‍ അറിയിച്ചു.
സ്‌ഫടികത്തിന്‍റെ രണ്ടാം ഭാഗം ഇനി ഇല്ല: 'യുവതുർക്കി പോലൊരു സിനിമ ഇനി ഉണ്ടാകില്ല. സ്‌ഫടികത്തിന് രണ്ടാം ഭാഗം ആലോചിക്കുന്നത് പ്രകൃതി വിരുദ്ധമാണ്. ചെകുത്താനെ സ്‌ഫടികമാക്കി, ഇനി കഥയില്ല'.
'സ്‌ഫടികം എഴുതാൻ അഞ്ച് വർഷം എടുത്തു. 20 ദിവസം എടുത്താണ് ക്ലൈമാക്‌സിലെ സ്‌റ്റണ്ട് സീൻ എടുത്തത്. ഒറ്റവാക്കിന്‍റെ പേരിൽ സിനിമയെ വിലയിരുത്തിയത് കൊണ്ടാണ് സ്‌ഫടികത്തിന് സംസ്ഥാന പുരസ്‌കാരം ലഭിക്കാതെ പോയത്'.
'മാസ് ചിത്രമെന്നാല്‍ എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്‌ടപ്പെടുന്ന സിനിമ എന്നാണ് ഞാൻ മനസിലാക്കുന്നത്. സ്‌ഫടികം ഒരു തവണ മാത്രം സംഭവിക്കുന്ന ചിത്രമാണ്. പ്രത്യേകിച്ച് ഒന്നും പറഞ്ഞുകൊടുക്കാതെ തന്നെ എല്ലാം കണ്ടറിഞ്ഞു ചെയ്യുന്നയാളാണ് മോഹൻലാൽ'- ഭദ്രന്‍ പറഞ്ഞു.
ഇന്ദ്രന്‍സ് മഹാനടന്‍: 'മോഹന്‍ലാലിനെ പരിചയപ്പെട്ടപ്പോൾ തന്നെ അദ്ദേഹത്തിന്‍റെ പ്രതിഭയെ താൻ മനസിലാക്കി. ഇന്ദ്രൻസ് എന്ന നടനെ അധിക്ഷേപിക്കാൻ ഒന്നും തന്നെ ആ സിനിമയിലില്ല. ഇഷ്‌ടത്തോടെ മാത്രമേ ഞാൻ എന്നും അദ്ദേഹത്തെ കണ്ടിട്ടുള്ളൂ'.
'തന്‍റെ സിനിമയിൽ കോസ്‌റ്റ്യൂമറായാണ് ഇന്ദ്രന്‍സ് ആദ്യം എത്തുന്നത്. എപ്പോഴും ഭയത്തോടെ മാത്രമേ ഇന്ദ്രൻസ് ആദ്യമൊക്കെ ഇടപെടുമായിരുന്നുള്ളൂ. അദ്ദേഹത്തിന്‍റെ ശൈലികളാണ് ചിത്രത്തിൽ ആ കഥാപാത്രം അദ്ദേഹത്തെ ഏല്‍പിക്കാൻ തീരുമാനമെടുക്കാൻ കാരണമെന്നും ഇന്നിപ്പോൾ ഇന്ദ്രൻസ് മഹാനടനായി മാറിയെന്നും സംവിധായകന്‍ വ്യക്തമാക്കി.
എന്ത് സംഭവിച്ചാലും കുറ്റം പറയാൻ മാത്രം ചിലർ ഭൂതം പോലെ നില്‍ക്കുന്നു. റീ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന് 100 ശതമാനം പോസിറ്റീവ് റെസ്പോൺസ് പ്രതീക്ഷിക്കുന്നില്ലെന്നും രണ്ട് വർഷം കഴിഞ്ഞേ ചിത്രം ഒടിടി യിൽ റിലീസിനെത്തുകയുള്ളൂവെന്നും ഭദ്രൻ കൂട്ടിച്ചേര്‍ത്തു.