തിരുവനന്തപുരം: 2016 നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പിണറായി വിജയൻ കേരള മുഖ്യമന്ത്രിയാകുമ്പോൾ സെക്രട്ടറിയായി നിയമിതനായത് എം ശിവശങ്കർ എന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ്. നിരവധി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ മറികടന്ന് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന സുപ്രധാന ഐ.ടി വകുപ്പ് സെക്രട്ടറിയായും ശിവശങ്കര്‍ നിയമിക്കപ്പെട്ടു. ചീഫ് സെക്രട്ടറിയായി നളിനി നെറ്റോ, പൊലീസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റ, വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസ് എന്നിവരടങ്ങുന്ന വിശ്വസ്ത ഉദ്യോഗസ്ഥ വൃന്ദത്തിലെ ഏറ്റവും പ്രധാനി എം. ശിവശങ്കറായിരുന്നു. മുഖ്യമന്ത്രിക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമിടയിലെ നിരന്തര പാലമായി ശവിശങ്കര്‍ മാറി. മുഖ്യമന്ത്രിക്കൊപ്പം ഔദ്യോഗിക യാത്രകളിലെ സ്ഥിരം സാന്നിധ്യം, മുഖ്യമന്ത്രിയുടെ സ്വപ്‌ന പദ്ധതികളായ നാല് മിഷനുകളുടെ ആസൂത്രകനായി മാറിയതോടെ ശിവശങ്കര്‍ കൂടുതല്‍ ശക്തനും കരുത്തനുമായി.
അതിനിടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ട്രാന്‍സ്ഗ്രിഡ്, കെ-ഫോണ്‍, ഇ-മൊബിലിറ്റി, ബ്രുവറി ആരോപണങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കുന്നത്. പക്ഷേ അവിടെയൊന്നും ശിവശങ്കർ ചിത്രത്തിലുണ്ടായിരുന്നില്ല. ഈ ഇടപാടുകളുടെ ഫയലുകളെല്ലാം ജനിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുമ്പോഴും ശിവശങ്കര്‍ കാണാമറയത്തായിരുന്നു. എന്നാല്‍ സ്പ്രിങ്ക്‌ളര്‍ വിവാദത്തോടെയാണ് ശിവശങ്കര്‍ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തുന്നത്. താന്‍ സ്വന്തം നിലയ്ക്കാണ് സ്‌പ്രിങ്ക്‌ളറിന് കരാര്‍ നല്‍കിയതെന്ന് ശിവശങ്കറിന് മാധ്യമങ്ങളോട് പറയേണ്ടി വന്നു. മന്ത്രിസഭയില്‍ പോലും ചര്‍ച്ച ചെയ്യാതെ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് കൈമാറിയ സംഭവം നടപടി ക്രമങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് ഭരണ കക്ഷിയിലെ രണ്ടാമനായ സി.പി.ഐയും രംഗത്തു വന്നു. തൊട്ടുപിന്നാലെയാണ് സ്വർണക്കടത്ത് കേസില്‍ കസ്റ്റംസ് ഇടപെടലുണ്ടാകുന്നത്. കേസില്‍ അറസ്റ്റിലായ പ്രതികളും ശിവശങ്കറുമായുള്ള ഫോണ്‍വിളി വിവരങ്ങള്‍ പുറത്തു വന്നതോടെ കുരുക്ക് മുറുകി. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് ആദ്യം മുഖ്യമന്ത്രി പിണറായി വിജയൻ കവചം തീര്‍ത്തുവെങ്കിലും ജൂലൈ 17ന് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് കേന്ദ്ര ഏജന്‍സികള്‍ തുടര്‍ച്ചായി ശിവശങ്കറിനെ ചോദ്യം ചെയ്തു. അറസ്റ്റിലേക്ക് നീങ്ങുന്നുവെന്ന സൂചന ലഭിച്ചപ്പോള്‍ ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നെ ആശുപത്രിവാസ നാടകങ്ങളിലൂടെ അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഹൈക്കോടതി തന്നെ വിരാമമിട്ടു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മിനിട്ടുകള്‍ക്കകം എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അധികൃതര്‍, തിരുവനന്തപുരം വഞ്ചിയൂരില്‍ അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ത്രിവേണി ആയുര്‍വേദ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.