കേരളം

kerala

ETV Bharat / state

'ബിജെപിയെ ഒറ്റപ്പെടുത്തും, പ്രതിപക്ഷ പ്രചാരണം ഏശില്ല': സീതാറാം യെച്ചൂരി

ബിജെപിയെയും കേന്ദ്ര സര്‍ക്കാറിനെയും വിമര്‍ശിച്ച് സീതാറാം യെച്ചൂരി. പ്രതിപക്ഷത്തിനും വിമര്‍ശനം. മോദി സര്‍ക്കാറിന് കീഴില്‍ നടക്കുന്നത് ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയുടെ നശീകരണമെന്ന് കുറ്റപ്പെടുത്തല്‍. ഇവിടെയുള്ള ചങ്ങാത്ത മുതലാളിത്തമാണ്.

Sitharam yechuri criticized BJP and Union Govt  ബിജെപിയെ ഒറ്റപ്പെടുത്തും  പ്രതിപക്ഷ പ്രചരണം ഏശില്ല  സീതാറാം യെച്ചൂരി  ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥ  ബിജെപി  ജനകീയ പ്രതിരോധ ജാഥ  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  kerala news updates  latest news in kerala  latest news in kerala
ബിജെപിയെ വിമര്‍ശിച്ച് സീതാറാം യെച്ചൂരി

By

Published : Mar 18, 2023, 8:34 PM IST

തിരുവനന്തപുരം: കേരളത്തിൽ ബിജെപിയെ ജനങ്ങൾ കൂടുതൽ ഒറ്റപ്പെടുത്തുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ പ്രതിപക്ഷം നടത്തുന്ന പ്രചാരണം ജനങ്ങൾക്കിടയിൽ ഏശില്ല. പ്രതിപക്ഷം യാഥാർഥ്യം മനസിലാക്കണം.

ജനപക്ഷ നയങ്ങളിലൂടെയാണ് ഇടതു സർക്കാർ തുടർ ഭരണം നേടിയത്. സിപിഎമ്മിന്‍റെ ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി. കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കടന്നാക്രമിച്ച് കൊണ്ടായിരുന്നു യെച്ചൂരിയുടെ പ്രസംഗം.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നശീകരണമാണ് മോദി സർക്കാരിൻ്റെ കീഴിൽ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചങ്ങാത്ത മുതലാളിത്തമാണ് ഇന്ത്യയിൽ കാണുന്നത്. സംയുക്ത പാർലമെൻ്ററി സമിതി, അദാനിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ മോദി മടിക്കുന്നത് എന്തുകൊണ്ടാണെന്നും യെച്ചൂരി ചോദിച്ചു. ആരെങ്കിലും വിമർശിച്ചാൽ അവർ രാജ്യ വിരുദ്ധരാകുന്ന സ്ഥിതിയാണ്. മോദി സർക്കാരിനെ ചോദ്യം ചെയ്യുന്നവരെ ദേശ വിരുദ്ധരാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

140 കോടി ഇന്ത്യക്കാരുടെ പിന്തുണ തനിക്കുണ്ടെന്ന മോദിയുടെ പ്രചാരണം പരിഹാസ്യമാണ്. 37% മാത്രമാണ് ബിജെപിക്ക് അനുകൂലമായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തത്. മോദിയുടെ ചങ്ങാതി അദാനിയെ വിമർശിച്ചാലും ദേശവിരുദ്ധരാക്കുമെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

രാജ്യത്തെ ഭരിക്കുന്നവരെ ചോദ്യം ചെയ്യേണ്ടത് ഓരോ പൗരൻ്റെയും കടമയാണ്. അമിത് ഷാ അസത്യ പ്രചരണങ്ങളാണ് നടത്തുന്നത്. അമിത് ഷാക്കുള്ള മറുപടി ഇന്ത്യൻ പ്രസിഡന്‍റ് ദ്രൗപതി മുർമു നൽകിയിട്ടുണ്ട്. അമിത് ഷാക്കും പ്രധാനമന്ത്രിക്കും ഇനി പ്രത്യേകിച്ച് താൻ മറുപടി നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

മതനിരപേക്ഷത, സാമ്പത്തിക പരമാധികാരം, സാമൂഹിക നീതി, ഫെഡറലിസം എന്നിവ തകർന്ന് കൊണ്ടിരിക്കുകയാണ്. അടിസ്ഥാന സ്‌തംഭങ്ങൾ തകർക്കപ്പെടുന്നു. നരേന്ദ്ര മോദി തെറ്റിധരിപ്പിക്കുന്ന പ്രചാരണമാണ് നടത്തുന്നത്. 80 കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകേണ്ടി വരുന്നു എന്നത് തന്നെ സർക്കാരിനെതിരായ കുറ്റപത്രമാണ്. സബ്സിഡ് റദ്ദാക്കിയ വസ്‌തുത മറച്ച് വയ്‌ക്കുന്നു. ഇന്ത്യയിലെ ജനങ്ങൾക്ക് പോഷക ആഹാരം ലഭിക്കുന്നില്ല.എന്നാൽ കേരളത്തിലെ സ്ഥിതി അതല്ല. കേരളത്തിൽ ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്ന സർക്കാരാണ് ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എയിംസിൻ്റെ എണ്ണം മൂന്നിരട്ടി വർധിപ്പിച്ചുവെന്ന കേന്ദ്ര സർക്കാരിന്‍റെ പ്രചരണം തെറ്റാണ്. 2014ന് ശേഷമുള 16 എയിംസിൽ ഒന്ന് പോലും പ്രവർത്തന ക്ഷമമല്ലെന്ന് പാർലമെൻ്റിൽ പറഞ്ഞത് കേന്ദ്ര ആരോഗ്യ മന്ത്രിയാണ്. തെറ്റായ പ്രചരണം തുറന്ന് കാണിക്കും. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്രമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഫെഡറലിസം, ജനാധിപത്യം, മതനിരപേക്ഷത എന്നിവയ്ക്ക് ബിജെപി ഭീഷണി ഉയർത്തുന്നു. നീതി ആയോഗിന് പോലും കേരളം സാമൂഹിക വികസന സൂചികളിൽ മുന്നിലാണെന്ന് പറയേണ്ടി വന്നു. യുപി അവസാനമാണ്. മോദിയുടെ സ്വന്തം ഏജൻസികൾക്ക് സത്യം പറയേണ്ടി വന്നു.

തെറ്റിധാരണപരമായ പ്രചരണം മാധ്യമങ്ങളിൽ ചിലരും ഏറ്റെടുത്തിട്ടുണ്ട്. ബിജെപിയുടെ സഖ്യകക്ഷികളായി ചില മാധ്യമങ്ങൾ മാറിയെന്നും യെച്ചൂരി കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ജനവിരുദ്ധ നയങ്ങൾ ജനകീയ പ്രതിരോധ ജാഥയിലൂടെ സിപിഎം ജനങ്ങളിലേക്ക് എത്തിച്ചു.

എൽഡിഎഫ് സർക്കാർ ഇന്ത്യയിൽ ബദൽ വികസന ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്ന ഒരേയൊരു സർക്കാരാണ്. ബിജെപി ഇതര സർക്കാരുകളെയും കേരളത്തിലെ എൽഡിഎഫ് സർക്കാരിനെയും ബിജെപി തകർക്കാൻ ശ്രമിക്കുന്ന കാര്യങ്ങള്‍ ജനങ്ങൾക്ക് മുന്നിലെത്തിച്ചുവെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details