തിരുവനന്തപുരം: നീണ്ട 28 വർഷങ്ങൾ... ഒടുവിൽ അഭയ എന്ന 22കാരിക്ക് നീതി ലഭിച്ചിരിക്കുന്നു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയിൽ വിധി കേൾക്കാൻ കൊവിഡിനെ മറന്ന് തടിച്ച് കൂടിയത് നൂറോളം പേരാണ്. സമയം 11മണി. ചേമ്പറിൽ നിന്ന് ജഡ്‌ജി സുനിൽകുമാർ കോടതി മുറിയിലേക്ക്. ഹാളിലെ ഏറ്റവും പുറകിൽ പ്രതികളായ ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കൈകൂപ്പി കണ്ണുകളടച്ചു പ്രാർഥനയിൽ.
സമയം 11.03 കേസിൽ പ്രോസിക്യൂഷൻ വാദം തുടങ്ങി. അഞ്ചു മിനിറ്റുകൾക്ക് ശേഷം പ്രതിഭാഗം അഭിഭാഷകൻ വാദം ആരംഭിച്ചു. ഈ സമയങ്ങളിൽ എല്ലാം ഫാദർ കോട്ടൂർ അസ്വസ്ഥനായിരുന്നു. സമയം 11.15... ഫാദർ തോമസ് കോട്ടൂരിനെ തന്‍റെ ഭാഗം കേൾക്കാനായി ജഡ്‌ജി അടുത്തേക്ക് വിളിപ്പിക്കുന്നു. അഞ്ചു മിനിട്ടുകൾക്ക് ശേഷം സിസ്റ്റർ സെഫി ജഡ്‌ജിക്ക് അരികിലേക്ക്. സമയം 11.26... 15 മിനിട്ടുകൾക്ക് ശേഷം വിധി പറയുമെന്ന് പറഞ്ഞ് ജഡ്‌ജി മുറിയിലേക്ക് പോകുന്നു. വീണ്ടും കാത്തിരിപ്പ്. 11.50 ആയപ്പോഴേക്കും ചേമ്പറിൽ നിന്ന് ജഡ്ജി കോടതി മുറിയിലേക്ക്. നിർവികാരനായി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും.
28 വർഷങ്ങൾക്ക് ശേഷം അഭയയ്ക്ക് നീതി; കോടതിയിൽ ഇന്ന് സംഭവിച്ചത് പ്രതിഭാഗം അഭിഭാഷകരോടും വാദി ഭാഗം അഭിഭാഷകരോടും എഴുന്നേറ്റു നിൽക്കാൻ ജഡ്‌ജി അവശ്യപ്പെടുന്നു. സമയം 12.04. കേരളം കാത്തിരുന്ന അഭയ കേസിൽ ജഡ്ജിയുടെ വിധി പ്രസ്താവം. പ്രതി ഫാദർ തോമസ് കോട്ടൂരാന് ഇരട്ട ജീവപര്യന്തവും ആറു ലക്ഷം രൂപ പിഴയും. സിസ്റ്റർ സെഫിക്ക് ജീവപര്യന്തവും ആറു ലക്ഷം രൂപ പിഴയും. കുറ്റങ്ങൾ ഐ.പി.സി 302 കൊലപാതകവും ഐ.പി.സി 449 കോൺവെന്‍റിൽ അതിക്രമിച്ചു കയറിയതും. ഇതിന് പുറമെ തെളിവ് നശിപ്പിക്കലിന് ഇരു പ്രതികൾക്കും ഐ.പി.സി 201 പ്രകാരം ഏഴു വർഷം തടവും 50000 രൂപ പിഴയും. കുറ്റങ്ങൾ പ്രതികൾ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി.
വിധി കേട്ടയുടൻ ഫാദർ കോട്ടൂരിന്‍റെ ബന്ധുക്കൾ പൊട്ടിക്കരഞ്ഞു. ഈ സമയങ്ങളിൽ എല്ലാം പ്രതികൾ നിർവികാരരായിരുന്നു. പിന്നെയും വിധിപ്പകർപ്പ് കിട്ടാൻ മൂന്നു മണിക്കൂർ നേരത്തെ കാത്തിരിപ്പ്. തുടർന്ന് മൂന്ന് മണിയോടെ ഫാദർ തോമസ് കോട്ടൂർ പൂജപ്പുര സെൻട്രൽ ജയിലിലേക്കും സിസ്റ്റർ സെഫി അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും.
ഒരു മെഴുകുതിരിയായി ജീവിതാവസാനം വരെ ഉരികിത്തീർന്ന ഐക്കര കുന്നേൽ തോമസിനും ലീലമ്മയ്ക്കും നീതി ലഭിച്ചിരിക്കുന്നു. വളരെ വൈകി വന്ന വിധി കേൾക്കാൻ പക്ഷേ അവർ ജീവനോടെയില്ല. ജീവിതായുസിന്‍റെ ഏറിയ കാലവും അടയ്ക്കാ രാജു എന്ന് അറിയപ്പെടും എന്ന് ബോധ്യപ്പെട്ടിട്ടും സത്യത്തിന് ഒപ്പം നിന്ന രാജുവിനും വൈകി വന്ന നീതി വിലപ്പെട്ടതാണ്.