തിരുവനന്തപുരം : ഖാദി ബോര്‍ഡ് വൈസ് ചെയര്‍പഴ്‌സണ്‍ സ്ഥാനത്തുനിന്ന് ശോഭന ജോര്‍ജ് ഒഴിയുന്നു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് പദവിയൊഴിയുന്നത്. തിങ്കളാഴ്‌ച രാജി സമര്‍പ്പിക്കും.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ബോർഡ് കോര്‍പ്പറേഷന്‍ പുനസംഘടന സംബന്ധിച്ച് ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. ഇതിന്‍റെ ഭാഗമായി സ്ഥാനമൊഴിയാന്‍ സിപിഎം ആവശ്യപ്പെട്ടെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ശോഭന ജോര്‍ജ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാജി തീരുമാനം.
മൂന്നര വര്‍ഷമായി ശമ്പളം പോലും കൈപ്പറ്റാതെ ഖാദി ബോര്‍ഡിനായി കാര്യങ്ങൾ ചെയ്തുവെന്ന് ശോഭന ജോര്‍ജ് പ്രതികരിച്ചു.
ഖാദി ബോര്‍ഡിലെ തൊഴിലാളികള്‍ക്ക് കൊവിഡ് കാലത്തും നിലനിൽപ്പിനാവശ്യമായ കാര്യങ്ങൾ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം സര്‍ക്കാര്‍ വേണ്ട വിധത്തില്‍ പരിഗണിച്ചുവെന്ന് അഭിപ്രായമില്ലെന്നും ശോഭന ജോര്‍ജ് പറഞ്ഞു.
ALSO READ :സംസ്ഥാനത്തെ സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കും
കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായിരുന്ന ശോഭന പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് സിപിഎമ്മിലെത്തിയത്. 1991, 1996, 2001 വർഷങ്ങളിൽ ചെങ്ങന്നൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയിരുന്നു.