തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടി തിടുക്കപ്പെട്ടാണെന്നും രാഷ്‌ട്രപതി ദ്രൗപതി മുർമു ആയിരുന്നു തീരുമാനം എടുക്കേണ്ടിയിരുന്നതെന്നും ശശി തരൂർ എംപി. പ്രഥമ തലേക്കുന്നിൽ ബഷീർ പുരസ്‌കാരം എഴുത്തുകാരൻ ടി പത്മനാഭന് സമ്മാനിച്ച ശേഷം നടത്തിയ ഉദ്ഘാടന പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധിക്ക് നേരെ ഉണ്ടായ സാഹചര്യം നമുക്ക് അറിയാം. നിയമപരമായി മുന്നോട്ട് പോകുന്നുണ്ട്. വിഷയത്തിൽ രാഷ്ട്രപതിയായിരുന്നു തീരുമാനം എടുക്കേണ്ടിയിരുന്നത്. എന്നാൽ രാഷ്ട്രപതിയുടെ പേര് പോലും കാണുന്നില്ല. രാഹുൽ ഗാന്ധിയോടൊപ്പം എല്ലാവരും നിൽക്കും. കേരളത്തിന്‍റെ മുഖ്യമന്ത്രി അടക്കം രാഹുൽ ഗാന്ധിയെ പിന്തുണച്ച് സംസാരിച്ചു. രാജ്യത്ത് കാണുന്ന ചില രീതികളെ തടുക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുമെന്നും ശശി തരൂർ പറഞ്ഞു.
അതേസമയം തലേക്കുന്നിൽ ബഷീർ അനുസ്‌മരണ പരിപാടിയിൽ പങ്കെടുക്കാൻ പാർട്ടി അനുമതി നൽകിയെന്നും കേന്ദ്ര നേതൃത്വത്തിന്‍റെ അനുമതിയോടെയാണ് എത്തിയതെന്നും, കോൺഗ്രസ് നേതൃത്വത്തോട് അനുവാദം ചോദിച്ച ശേഷമാണ് താനടക്കമുള്ള എംപിമാർ ഡൽഹിയിൽ നിന്ന് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് ഇന്നലെ യൂത്ത് കോൺഗ്രസും കെഎസ്‌യുവും രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിനിടെ പ്രവർത്തകരെ പൊലീസ് ആക്രമിച്ചത് വലിയ അനീതിയാണെന്നും ശശി തരൂർ പറഞ്ഞു. പ്രവർത്തകരുടെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടായില്ല. പക്ഷെ പൊലീസുകാർ ആക്രമിച്ചു. മുഖ്യമന്ത്രി അടക്കം രാഹുൽ ഗാന്ധിക്ക് വേണ്ടി സംസാരിച്ചു. പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായത് തെറ്റായ രീതിയാണ്. അക്രമം കാണിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.
അതേസമയം എഴുത്തുകാരൻ ടി പത്മനാഭനും രാഹുൽ ഗാന്ധിക്കെതിരായ നടപടിയെ അപലപിച്ചും രാഹുൽ ഗാന്ധിയെ പിന്തുണച്ചും രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ വായടച്ചത് കൊണ്ട് മതിയാകില്ല, ഈ ഇരുട്ടിനപ്പുറം ഒരു പ്രകാശ നാളം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.