തിരുവനന്തപുരം:കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് മഹാസമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷിനെ അറിയിച്ചിരുന്നതായി ശശി തരൂര്‍ എംപി. ഡിസിസി പ്രസിഡന്‍റിനെ തന്‍റെ ഓഫിസില്‍ നിന്ന് വിളിച്ചിരുന്നു. തന്‍റെ മനസ് ഒരു തുറന്ന പുസ്‌തകമാണെന്നും തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും തരൂര്‍ പ്രതികരിച്ചു.
ശശി തരൂര്‍ പ്രതികരിക്കുന്നു പരിപാടിയില്‍ ക്ഷണിച്ചത് യൂത്ത് കോണ്‍ഗ്രസാണ്. പങ്കെടുക്കാത്തവര്‍ മാറി നിന്നോട്ടെ അതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല. നിരവധി പ്രസംഗങ്ങള്‍ 14 വര്‍ഷത്തിനിടെ നടത്തിയിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത പ്രശ്‌നങ്ങളാണ് ഈ രണ്ട് മാസത്തിനിടെയുണ്ടാകുന്നത്.
ഇതിലൂടെ ഭയപ്പെടുത്താം എന്ന് കരുതരുത്. തനിക്ക് ആരെയും ഭയമില്ലെന്നും തരൂര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന് യൂത്ത് കോണ്‍ഗ്രസ് പ്രായമാണോ എന്നായിരുന്നു തരൂരിന്‍റെ പരിഹാസം. കോട്ടയത്തെ പരിപാടിയില്‍ ഉറപ്പായും പങ്കെടുക്കുമെന്നും തരൂര്‍ പറഞ്ഞു.
വിഴിഞ്ഞം തുറമുഖ വിഷയം ഇപ്പോള്‍ ശരിയായ ദിശയിലല്ല പോകുന്നത്. പ്രതിഷേധിക്കുന്ന മത്സ്യത്തൊഴിലാളികള്‍ വികസന വിരുദ്ധരോ ദേശവിരുദ്ധരോ അല്ല. കോടികള്‍ മുടക്കിക്കഴിഞ്ഞ പദ്ധതി നിര്‍ത്തിവയ്ക്കണമെന്നും അഭിപ്രായമില്ല. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കണം.
ഇതിനായി മുഖ്യമന്ത്രി ഇടപടണമെന്നും തരൂര്‍ പറഞ്ഞു. വിഴിഞ്ഞത്ത് നിലവില്‍ കേന്ദ്രസേനയുടെ ആവശ്യമില്ലെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.