തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്‌മയുടെ ആത്മഹത്യാശ്രമത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. നെടുമങ്ങാട് സ്‌റ്റേഷനിലെ ഗായത്രി, സുമ എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്‌ചയുണ്ടായതായി റൂറല്‍ എസ്‌പി ഡി.ശില്‍പ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഗ്രീഷ്‌മയുടെ ആത്മഹത്യാശ്രമം; രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ - ഉദ്യോഗസ്ഥര്‍
പാറശാലയില്‍ ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്‌മയുടെ ആത്മഹത്യാശ്രമത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്‌ചയുണ്ടായതായി കണ്ടെത്തി രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍
ശുചിമുറിയില്‍ പോയപ്പോഴാണ് ഗ്രീഷ്‌മ അണുനാശിനി (ലെയ്‌സോള്‍) കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്‌റ്റേഷനുള്ളിലെ ശുചിമുറി സുരക്ഷിതമാക്കിയിരുന്നു. ആവശ്യമായ എല്ലാ പരിശോധനയും ഇവിടെ നടത്തുകയും ചെയ്‌തു. എന്നാല്‍ ഗ്രീഷ്‌മയെ സ്‌റ്റേഷനു പുറത്തുള്ള ശുചിമുറി ഉപയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ അനുവദിക്കുകയായിരുന്നു. ഇതിനു മുമ്പ് സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആവശ്യമായ നടപടിയും സ്വീകരിച്ചിരുന്നില്ല എന്ന വീഴ്‌ചയിലാണ് നടപടി.
ഇന്ന് രാവിലെയാണ് പൊലീസ് കസ്‌റ്റഡിയിലുണ്ടായിരുന്ന ഗ്രീഷ്‌മ ആത്മഹത്യാശ്രമം നടത്തിയത്. ചര്‍ദ്ദിയും അവശതയും ഉണ്ടായതിനെ തുടര്‍ന്ന് ഗ്രീഷ്‌മയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തിയാണ് മജിസ്‌ട്രേറ്റ് ഗ്രീഷ്‌മയുടെ മൊഴി രേഖപ്പെടുത്തിയതും തുടര്‍ന്ന് റിമാന്‍ഡ് ചെയ്‌തതും.