തിരുവനന്തപുരം : ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോകുന്ന ഏറെപ്പേരും ശംഖുമുഖത്തെത്തുമ്പോഴാണ് വഴി തകർന്ന വിവരം അറിയുക. തിരികെ പതിനാല് കിലോമീറ്റർ ചുറ്റി മറ്റൊരു വഴിയിലൂടെ എയർപോർട്ടിലെത്തുമ്പോഴേക്ക് വൈകുമെന്ന ആശങ്കയിൽ പെട്ടിയുമെടുത്ത് ഇരുന്നൂറ് മീറ്ററോളം തകർന്ന റോഡിലൂടെ നടപ്പുതന്നെ. പിന്നീട് ഓട്ടോ പിടിച്ച് എയർപോർട്ടിലേക്ക്. നഗരത്തിന് പുറത്തുള്ളവർ പകരം വഴിയറിയാതെ ബുദ്ധിമുട്ടുകയും ചെയ്യും.
ലഗേജും പേറി 'സര്‍ക്കസ്' കളിച്ച് 200 മീറ്റർ, അല്ലെങ്കില്‍ 14 കി.മീ ചുറ്റിവളഞ്ഞ് ; വിമാനത്താവളത്തിലേക്ക് ദുരിതയാത്ര തകർന്ന വഴി മുറിച്ചുകടക്കാൻ പ്രദേശവാസികളായ മത്സ്യ വിൽപ്പനക്കാരും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഓഖി കാലത്തെ കടലാക്രമണത്തിൽ തകർന്നുതുടങ്ങിയ തീരപാത ഏതാനും മാസങ്ങൾക്കു മുമ്പ് പൂർണമായും പൊട്ടിപ്പൊളിഞ്ഞതോടെയാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ദുരിതം ഉച്ചസ്ഥായിയിലെത്തിയത്. ഇതും തീരമേഖലയോടുള്ള സര്‍ക്കാര്‍ അവഗണനയുടെ ദൃഷ്‌ടാന്തമാണെന്ന് നാട്ടുകാർ പറയുന്നു.
പെട്രോളിന് കൊള്ളവിലയുള്ള ഇക്കാലത്ത് 14 കിലോമീറ്റർ അധികം സഞ്ചരിക്കാൻ നിർബന്ധിതമാക്കുന്നതിനുപകരം നിലവിലുള്ള റോഡിൽ താത്കാലിക ക്രമീകരണമൊരുക്കണമെന്നാണ് സ്ഥിരം യാത്രക്കാരുടെ ആവശ്യം.
മെയ് മാസത്തിൽ കടലാക്രമണത്തിൽ തീരവും റോഡും തകർന്നപ്പോൾ മന്ത്രിമാരായ മുഹമ്മദ് റിയാസും ആന്‍റണി രാജുവും സ്ഥലം സന്ദർശിച്ചിരുന്നു. തീരത്ത് സംരക്ഷണ ഭിത്തിയും തുടർന്ന് റോഡും നിർമിക്കുമെന്ന് ഇരുവരും വ്യക്തമാക്കിയെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് നിർമാണം തുടങ്ങാനായിട്ടില്ല.
പൂന്തുറ മുതൽ ശംഖുമുഖം വരെയുള്ള തീരമേഖലയുടെ സംരക്ഷണത്തിന് ജിയോ ട്യൂബ് സ്ഥാപിക്കുന്നുണ്ട്. ഇതിനുശേഷമേ ശംഖുമുഖത്തെ റോഡിന്‍റെ നിർമാണം പ്രതീക്ഷിക്കേണ്ടതുള്ളൂ. അതുവരെ എയർപോർട്ട് യാത്രികർ ലഗേജും ചുമന്ന് നടക്കുകയോ മറ്റ് വഴികൾ കണ്ടെത്തുകയോ ചെയ്യേണ്ടിവരും.