അഭിജിത്തിന്റെ ഫോണ്‍ സംഭാഷണം തിരുവനന്തപുരം: നേതാവാകാന്‍ പ്രായം കുറച്ച് പറഞ്ഞെന്ന് വെളിപ്പെടുത്തുന്ന എസ്എഫ്‌ഐ മുന്‍ ജില്ല സെക്രട്ടറി ജെ ജെ അഭിജിത്തിന്‍റെ ഫോണ്‍ സംഭാഷണം പുറത്ത്. എസ്എഫ്‌ഐ നേതൃത്വത്തില്‍ തുടരാന്‍ യഥാര്‍ഥ പ്രായം കുറച്ചുപറയാന്‍ ആനാവൂര്‍ നാഗപ്പന്‍ ഉപദേശം നല്‍കിയെന്ന മുന്‍ ജില്ലാ സെക്രട്ടറി ജെ ജെ അഭിജിത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. ഇതോടെ സിപിഎം ജില്ല സെക്രട്ടറി കൂടിയായ ആനാവൂര്‍ നാഗപ്പന്‍ കുരുക്കിലായി.
അഭിജിത്ത് മറ്റൊരു സുഹൃത്തുമായി സംസാരിക്കുന്നതാണ് ഓഡിയോ. പാര്‍ട്ടി വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ഈ ഫോണ്‍സംഭാഷണം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് സൂചന. ആരുമായാണ് സംസാരിക്കുന്നതെന്ന വിവരം പുറത്തുവന്നിട്ടില്ല.
ഫോണ്‍സംഭാഷണത്തില്‍ നിന്ന്:'26 വരെയേ എസ്എഫ്ഐയിൽ നിൽക്കാൻ പറ്റൂ. ഈ വർഷം എനിക്ക് 30 ആയി. ഞാൻ 1992ലാണ് ജനിച്ചത്. 92, 94, 95, 96 ഈ വർഷങ്ങളിലെ എല്ലാം സർട്ടിഫിക്കറ്റുകളുണ്ട്. ആരു ചോദിച്ചാലും 26 ആയെന്നു പറയാൻ നാഗപ്പൻ സഖാവ് പറഞ്ഞു. പ്രദീപ് സാറും അങ്ങനെ പറയാൻ പറഞ്ഞു. നിങ്ങളെയൊക്കെ ഒഴിവാക്കിലായും എനിക്ക് നിന്നല്ലേ പറ്റൂ. പണ്ടത്തെപ്പോലെ വെട്ടാനൊന്നും ആരുമില്ലാത്തതു കൊണ്ട് നല്ല സുഖമാണ്. എന്നാലും വെട്ടിക്കളിക്കാൻ ആരുമില്ലാത്തതിനാൽ മനസു മടുപ്പിക്കുന്നുണ്ട്. ആരെങ്കിലും വേണം വെട്ടിക്കളിക്കാനൊക്കെ’
ജില്ലയിലെ സിപിഎമ്മിനുള്ളിലെ പ്രശ്‌നങ്ങളില്‍ സംസ്ഥാന നേതൃത്വം കടുത്ത് എതിര്‍പ്പ് അറിയിച്ചിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ജനുവരി 7, 8 തിയതികളില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ സാന്നിധ്യത്തില്‍ ജില്ല കമ്മറ്റി യോഗം ചേരാനിരിക്കെയാണ് പുതിയ വിവാദം. ലഹരി ഉപയോഗത്തിനും സ്വഭാവ ദൂഷ്യത്തിനും കഴിഞ്ഞ ദിവസം അഭിജിത്തിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ശബ്‌ദരേഖ പുറത്തു വന്നിരിക്കുന്നത്.
ലഹരി വിരുദ്ധ കാമ്പയിനില്‍ പങ്കെടുത്ത ശേഷം ബാറില്‍ പോയി മദ്യപിച്ചതിനാണ് ഡിവൈഎഫ്‌ഐ ജില്ല കമ്മിറ്റി അംഗവും സിപിഎം നേമം ഏരിയ കമ്മിറ്റി അംഗവുമായ ജെ ജെ അഭിജിത്തിനെതിരെ നടപടിയെടുത്തത്. സഹപ്രവര്‍ത്തകയോട് മോശമായി ഫോണില്‍ സംസാരിച്ചുവെന്നും അഭിജിത്തിനെതിരെ പരാതിയുണ്ട്. പരാതി പരിശോധിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. ഇതിനു ശേഷമാണ് നടപടിയെടുത്തത്.