തിരുവനന്തപുരം: കേരളത്തിലെ ഭരണ തലവനുപോലും പുറത്ത് ഇറങ്ങാനാവാത്ത രീതിയിൽ ക്രമസമാധാനം തകർന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും പ്രോത്സാഹിപ്പിക്കുന്ന പിണറായുടെ നിലപാടാണ് നാടിനെ ഈ അവസ്ഥയിലെത്തിച്ചത്. മുഖ്യമന്ത്രിക്ക് ഗവർണറോടുള്ള വൈരാഗ്യം തീർക്കാൻ ഇത്തരത്തിൽ സ്വന്തം പാർട്ടി യിലെ സാമൂഹിക വിരുദ്ധരെ ഇറക്കിയത് തരംതാഴ്ന്ന നടപടിയാണെന്നും ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
ഗവർണര്‍ തെറ്റായ തീരുമാനങ്ങൾ എടുത്താൽ അതിനെ നേരിടുന്നതിന് വ്യവസ്ഥാപിത മാർഗം സ്വികരിക്കുന്നതിനു പകരം ഇത്തരം നാണം കെട്ട രീതി ഒരു സർക്കാരിനും ചേർന്നതല്ല. സംസ്ഥാനത്ത് ഭരണസ്‌തംഭനത്തിനു പുറമെ ക്രമസമാധാന നിലയും പൂര്‍മമായും തകര്‍ന്നു.
കോടികൾ പൊടിച്ച് നടത്തുന്ന പിണറായിയുടെ സുരക്ഷ ഇപ്പോൾ ക്രിമിനലുകൾ ഏറ്റെടുത്തിരിക്കുകയാണ്. ആ ക്രിമിനലുകളെ വെച്ച് കോൺഗ്രസ് പ്രവർത്തകരെ കൈകാര്യം ചെയ്യാമെന്ന പിണറായിയുടെ മോഹം കൈയ്യിൽ വെച്ചാൽ മതി.
കേരളത്തിൻ്റെ ഭരണ തലവനായ ഗവർണ്ണർക്ക് പോലും സുരക്ഷ ഒരുക്കാൻ കഴിയാത്ത രീതിയിൽ കേരള പോലീസ് വന്ധീകരിക്കപ്പെട്ടെന്നും ചെന്നിത്തല ആരോപിച്ചു.
കെ സുധാകരനും ശക്തമായ പ്രതിഷേധമാണ് അറിയിച്ചത്:ഭരണത്തലവനായ ഗവര്‍ണറെ ഭരണകക്ഷിക്കാര്‍ തന്നെ നടുറോഡില്‍ ആക്രമിക്കുന്ന അത്യന്തം ഗുരുതരമായ ക്രമസമാധാനത്തകര്‍ച്ചയിലേക്ക് സംസ്ഥാനത്തെ മുഖ്യന്ത്രി പിണറായി വിജയന്‍ കൂപ്പുകുത്തിച്ചെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ഇതു ഗുരുതരമായ രാഷ്ട്രീയസംഭവമാണ്. പദവിയെക്കുറിച്ച് അറിയാത്ത ഭരണകൂടത്തിനു ഭരിക്കാന്‍ അവകാശമില്ല. എല്ലാ വിഷയത്തോടും വായ മൂടിക്കെട്ടുന്നതുപോലെ ഈ വിഷയത്തില്‍ നിശബ്ദത പാലിക്കാതെ മുഖ്യമന്ത്രി അടിയന്തരമായി പ്രതികരിക്കണം. പിണറായിയിലെ പഴയ ഗുണ്ടാനേതാവല്ല വിജയന്‍ ഇപ്പോള്‍. കേരളത്തിന്‍റെ മുഖ്യമന്ത്രിയെന്ന നിലയില്‍ ഔചിത്യത്തോടെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ടെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടുറോഡില്‍ എസ്എഫ്‌ഐയുടെ ചാവേര്‍ ആക്രമണം ഉണ്ടായതെന്നത് അതീവ ഗുരുതരമായ അവസ്ഥാവിശേഷമാണ്. വന്‍ പോലീസ് സംഘം കുടെയുള്ളപ്പോഴാണ് ഗവര്‍ണര്‍ക്കെതിരേ ആക്രമണം ഉണ്ടായത്. പോലീസ് ഗവര്‍ണറെ സംരക്ഷിക്കുന്നതിനു പകരം ആക്രമണം നടത്തിയ എസ്എഫ് ഐ ചാവേറുകളെ രക്ഷപ്പെടുത്തി വിടുകയാണ് ചെയ്‌തത്. ഇതിനു കൂട്ടുനിന്ന മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും അടിയന്തര നടപടി വേണം. അതൊരു പാഠമാകണം, മാതൃകാപരമാകണം.
സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ കറുത്ത ദിനമാണിന്ന്. മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കെഎസ് യു കുട്ടികളെ സിപിഎമ്മുകാരും പോലീസും ചേര്‍ന്ന് മര്‍ദിച്ച് കള്ളക്കേസില്‍ കുടുക്കിയപ്പോള്‍ മുഖ്യമന്ത്രി മൗനംപാലിച്ചതാണ് എസ്എഫ്‌ഐ ചാവേറുകള്‍ക്ക് കരുത്തുനല്കിയത്. ക്രമസമാധാനത്തകര്‍ച്ചയ്‌ക്കൊപ്പം സാമ്പത്തിക തകര്‍ച്ചയും മറ്റെല്ലാ മേഖലകളിലുമുള്ള തകര്‍ച്ചയിലേക്കും പിണറായി വിജയന്‍ കേരളത്തെ വലിച്ചെറിഞ്ഞെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.