തിരുവനന്തപുരം:വഞ്ചിയൂർ മൂലവിളാകം ജങ്ഷനില്‍ സ്ത്രീക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ പേട്ട പൊലീസ് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് ആക്രമണത്തിനിരയായ സ്ത്രീയുടെ പരാതി. മ്യൂസിയത്ത് വനിത ഡോക്ടറെയും കവടിയാറിൽ പെൺകുട്ടികളെയും ആക്രമിച്ച സംഭവങ്ങൾക്ക് പിന്നാലെയാണ് തിരുവനന്തപുരം നഗരത്തിൽ വീണ്ടും സമാന സംഭവം ഉണ്ടായത്. മാർച്ച് 13 തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം.
രാത്രി 11ന് വഞ്ചിയൂർ മൂലവിളാകം ജങ്ഷനില്‍ വച്ചാണ് 49കാരിയായ സ്ത്രീ ആക്രമണത്തിനിരയാകുന്നത്. ഇരുചക്ര വാഹനത്തിൽ മരുന്ന് വാങ്ങാൻ പോയി മടങ്ങുമ്പോഴാണ് സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. സംഭവം നടന്ന ഉടൻ തന്നെ പേട്ട പൊലീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. മകൾക്കൊപ്പം പോയാണ് സ്ത്രീ ചികിത്സ തേടിയത്. പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്കാൻ ആവശ്യപ്പെട്ടതായും ഇവർ പറയുന്നു. പേട്ട പൊലീസിന്റെ മെല്ലെപ്പോക്ക് കാരണം ഇവർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. ഇതിന് ശേഷമാണ് പൊലീസ് അന്വേഷണം ആരംഭിച്ചതെന്നും ഇവർ പറയുന്നു.
കമ്മിഷണർക്ക് പരാതി നൽകിയതിന് പിന്നാലെ പേട്ട പൊലീസ് സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചിട്ടുണ്ട്. എന്നാൽ സംഭവം നടന്ന് ഉടൻ തന്നെ പൊലീസിൽ പരാതി നൽകിയിട്ടും ആദ്യ ഘട്ടത്തിൽ ഗുരുതര വീഴ്ചയാണ് പേട്ട പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ആരോപണം. ആക്രമണത്തിനിരയായ സ്ത്രീയുടെ കണ്ണിനും കൈക്കും പരിക്കേറ്റിട്ടുണ്ട്.
മ്യൂസിയം പരിസരത്ത് വനിത ഡോക്ടറെ ആക്രമിച്ച സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. സംഭവത്തിൽ പ്രതിയെ പിടികൂടാൻ വൈകിയത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായ മലയിൻകീഴ് സ്വദേശി സന്തോഷ് ആണ് അറസ്റ്റിലായത്. സർക്കാർ വാഹനം ദുരുപയോഗം ചെയ്താണ് ഇയാൾ കൃത്യം നടത്തിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.