കേരളം

kerala

ETV Bharat / state

'യഥാർഥ പ്രായം 25, പൊലീസിന് 18'; എസ്എഫ്ഐയുടെ ആള്‍മാറാട്ട കേസിൽ എഫ്ഐആറില്‍ ഗുരുതര പിഴവുകൾ

വിശാഖിന്‍റെ പ്രായം 19 എന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ 25 വയസുള്ളതിനാലായിരുന്നു വിശാഖ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാത്തത്

Serious mistakes in FIR in SFI impersonation case  എസ്എഫ്ഐയുടെ ആള്‍മാറാട്ട കേസ്  കാട്ടാക്കട ക്രിസ്ത്യന്‍ കോളജ്  ക്രിസ്ത്യന്‍ കോളജിലെ എസ്എഫ്ഐ ആള്‍മാറാട്ടം  കേരള സര്‍വകലാശാല  ആള്‍മാറാട്ട കേസിൽ എഫ്ഐആറില്‍ ഗുരുതര പിഴവുകൾ
ആള്‍മാറാട്ട കേസിൽ എഫ്ഐആറില്‍ ഗുരുതര പിഴവുകൾ

By

Published : May 23, 2023, 10:42 AM IST

തിരുവനന്തപുരം:കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്എഫ്ഐ ആള്‍മാറാട്ട കേസില്‍ പൊലീസിന്‍റെ എഫ്ഐആറില്‍ പിഴവ്. സംഭവത്തില്‍ സര്‍വകലാശാലക്ക് കോളജ് സമര്‍പ്പിച്ച യുയുസിമാരുടെ പട്ടികയില്‍ ഇടം നേടിയ വ്യാജ പ്രതിനിധിയായ എ വിശാഖിന്‍റെ പ്രായം 19 എന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ 25 വയസുള്ളതിനാലായിരുന്നു വിശാഖ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാത്തത്.

കേരള സര്‍വകലാശാല രജിസ്ട്രാര്‍ നൽകിയ പരാതിയില്‍ ഞായറാഴ്‌ചയായിരുന്നു പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. തുടര്‍ന്ന് തയ്യാറാക്കിയ എഫ്ഐആറില്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പലും കേസിലെ ഒന്നാം പ്രതിയുമായ ജിജെ ഷൈജുവിന് 49 വയസും രണ്ടാം പ്രതിയും കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായിരുന്ന വിശാഖ് എയ്‌ക്ക് 19 വയസ് എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സര്‍വകലാശാലയിലെ രേഖകള്‍ പ്രകാരം വിശാഖിന്‍റെ ജനന തീയതി 25-09-1998 ആണ്. ഇത് പ്രകാരം വിശാഖിന് 25 വയസാണ്.

എന്നാല്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി വിശാഖ് സമര്‍പ്പിച്ച നോമിനേഷന്‍ പ്രായം കണക്കിലെടുത്ത് റിട്ടേണിംഗ് ഓഫിസര്‍ തള്ളുകയായിരുന്നു. ഇതിന് ശേഷം കോളജ് തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ യുയുസിയുടെ പട്ടികയില്‍ യഥാര്‍ഥ വിദ്യാര്‍ത്ഥി പ്രതിനിധിയുടെ പേര് മാറ്റി വിശാഖിന്‍റെ പേര് ചേര്‍ക്കുകയായിരുന്നു. എസ്എഫ്ഐയുടെ ആള്‍മാറാട്ടം വിവാദമായതോടെ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.

തട്ടിപ്പ് പുറത്ത് വന്നതോടെ കേരള സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റി വച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് ചിലവായ മുഴുവന്‍ തുകയും തട്ടിപ്പിന് കൂട്ട് നിന്ന പ്രിന്‍സിപ്പാളിന്‍റെ പക്കല്‍ നിന്നും ഈടാക്കുമെന്ന് സര്‍വകലാശാല വിസിയും വ്യക്തമാക്കിയിരുന്നു. സംഭവത്തിന് പിറകേ പ്രിന്‍സിപ്പാളിനെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തു. സര്‍വകലാശാലക്ക് അവമതിപ്പ് ഉണ്ടാക്കിയ പ്രവര്‍ത്തിയാണ് സംഭവിച്ചതെന്നും വിശ്വാസ്യത തിരിച്ച് പിടിക്കുമെന്നും കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ പറഞ്ഞിരുന്നു.

കേരള സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് സര്‍വകലാശാലക്ക് കൈമാറിയ യുയുസിമാരുടെ ലിസ്റ്റില്‍ തെരഞ്ഞെടുത്ത പ്രതിനിധിയായ വിദ്യാര്‍ഥി അനഘയുടെ പേരിന് പകരം എസ്എഫ്‌ഐയുടെ ഏരിയ സെക്രട്ടറിയും കോളജിലെ ഒന്നാം വര്‍ഷ ഫിസിക്‌സ് വിദ്യാര്‍ഥിയുമായ വിശാഖിന്‍റെ പേരായിരുന്നു നൽകിയത്. സംഭവം വിവാദമായതോടെ കെഎസ്‌യു പൊലീസില്‍ പരാതി നൽകിയിരുന്നു. എന്നാല്‍ ഈ പരാതിയിലും പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ സമര്‍പ്പിക്കേണ്ടതിന്‍റെ അവസാന ദിവസം.

നോമിനേഷന്‍ സമര്‍പ്പിക്കാനെത്തിയ കെഎസ്‌യു പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷവും ഉടലെടുത്തിരുന്നു. നോമിനേഷന്‍ സ്‌ക്രൂട്ടണിയില്‍ പങ്കെടുക്കണമെന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ ആവശ്യമുന്നയിക്കുകയും രജിസ്ട്രാറുടെ മുറിയിലേക്ക് തള്ളി കയറാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകരെ സ്ഥലത്ത് നിന്നും പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. ഗുരുതരമായ ക്രമക്കേട് ചര്‍ച്ച വിഷയമായതോടെ സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പും നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദുവും പ്രതികരിച്ചിരുന്നു.

ABOUT THE AUTHOR

...view details