തിരുവനന്തപുരം : തുടര്‍ ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎമ്മും ഇടതുമുന്നണിയും സംഘടനാപരമായി കേരളത്തില്‍ ശക്തമാണെങ്കിലും ഇക്കാലയളവില്‍ സര്‍ക്കാരിന്‍റെ ജനകീയ മുഖം നഷ്‌ടപ്പെടുത്തുന്ന നിരവധി ആരോപണങ്ങളാണുയര്‍ന്നത്. ഇന്ത്യയിലെ ഏക ഇടതുസര്‍ക്കാര്‍ ഭരണത്തിലുള്ള കേരളത്തില്‍ സര്‍ക്കാരിന്‍റെ പല നടപടികളിലും സുതാര്യതയില്ലായ്‌മ പ്രകടമാണെന്ന ആരോപണം ശക്തമാണ്. ദേശീയ തലത്തില്‍ ബിജെപി സര്‍ക്കാരിന്‍റെ സുതാര്യതയില്ലായ്‌മയെ സിപിഎം എതിര്‍ക്കുമ്പോഴാണ് സംസ്ഥാനത്ത് ഇത്തരത്തില്‍ ദുരൂഹ ഇടപാടുകള്‍ സംബന്ധിച്ച് ആക്ഷേപം ശക്തമാകുന്നത്.
ഏറ്റവും ഒടുവില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ 232 കോടിരൂപയുടെ എഐ കാമറ വിവാദത്തിലടക്കം ഇടപാടുകള്‍ മുഴുവന്‍ നടത്തിയത് അതീവ രഹസ്യമായിട്ടായിരുന്നു. ഇടപാടുകള്‍ സംബന്ധിച്ച് പ്രതിപക്ഷം ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോഴാണ് ഏതാനും രേഖകളെങ്കിലും പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായത്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെ മുന്‍നിര്‍ത്തി പ്രധാന കരാര്‍ നേടിയെടുത്ത ശേഷം ഉപകരാറുകള്‍ സിപിഎമ്മിന് വേണ്ടപ്പെട്ടവര്‍ക്ക് മറിച്ചുനല്‍കിയെന്ന ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്.
കുടുംബം ഉള്‍പ്പെട്ട ആരോപണം : ഉപകരാര്‍ നേടിയ ഒരു കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകന്‍റെ ഭാര്യാപിതാവുമായി ബന്ധമുണ്ടെന്ന ആരോപണം പ്രതിപക്ഷം കടുപ്പിച്ചത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു. ഇതാദ്യമായല്ല മുഖ്യമന്ത്രിയുടെ കുടുംബത്തെ പരാമര്‍ശിച്ച് പ്രതിപക്ഷം ആക്ഷേപമുയര്‍ത്തുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്തുയര്‍ന്ന സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളിലും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍റെ കുടുംബത്തിനും ഓഫിസിനും ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇത് മറ്റൊരു ഇടതുമുഖ്യമന്ത്രിക്കും നേരിടേണ്ടി വരാത്ത ആരോപണവുമായിരുന്നു. ദീര്‍ഘമായ മൗനം അവലംബിച്ചാണ് ഇത്തരം ആരോപണങ്ങളില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രക്ഷനേടുന്നതെന്ന ആക്ഷേപവും പ്രതിപക്ഷം ഉയര്‍ത്തുന്നു.
കുത്തേറ്റ് ഡോക്‌ടര്‍ കൊല്ലപ്പെട്ട സംഭവം :പരിചരണത്തിനിടെ രോഗിയുടെ കുത്തേറ്റ് സംസ്ഥാനത്ത് ഒരു ഡോക്‌ടര്‍ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഇക്കഴിഞ്ഞ മെയ് 10 ന് ഉണ്ടായത്. കേരളത്തിലെ ആരോഗ്യ രംഗത്ത് ഡോക്‌ടര്‍മാര്‍ നേരിടുന്ന അരക്ഷിതാവസ്ഥ വെളിച്ചത്തുകൊണ്ടുവന്ന സംഭവം കൂടിയായിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ.വന്ദന ദാസിന്‍റെ ദാരുണ മരണം.
മൃതദേഹം ചുമന്നിറക്കി : ആരോഗ്യ രംഗത്തെ കെടുകാര്യസ്ഥതയ്‌ക്കുള്ള വേറെയും ഉദാഹരണങ്ങള്‍ ഇക്കാലയളവിലുണ്ടായി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്‌ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രി ജീവനക്കാരന്‍ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം അടുത്തിടെയായിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ലിഫ്‌റ്റ് പ്രവർത്തന രഹിതമായതിനാൽ മൂന്നാം നിലയില്‍ നിന്ന് മൃതദേഹം താഴേക്ക് ചുമന്നിറക്കേണ്ട ദുര്യോഗവുമുണ്ടായി.
മുടന്തി നീങ്ങി കെഎസ്‌ആര്‍ടിസി : ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ഹെല്‍ത്ത് കാര്‍ഡ് പണം വാങ്ങി പരിശോധനകളില്ലാതെ ഡോക്‌ടര്‍മാര്‍ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്ന ദയനീയ ചിത്രം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതും സര്‍ക്കാരിന് നാണക്കേടായി. സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള കെഎസ്‌ആര്‍ടിസിയാകട്ടെ ഈ സര്‍ക്കാരിന് കീഴില്‍ മുടന്തിയാണ് മുന്നോട്ടുപോകുന്നത്.