തിരുവനന്തപുരം:കെട്ടിട നിർമാണ പെർമിറ്റിന് ഇനി മുതൽ ഉടമ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ മതിയെന്ന് സർക്കാർ. ലോ റിസ്‌ക് ഗണത്തിൽപ്പെട്ട 300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള ഗാർഹിക കെട്ടിടങ്ങൾ, 100 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങൾ, 200 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, മതപരമായ കെട്ടിടങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയ്‌ക്കാണ് ഇളവ് ബാധകമാകുക.
പെർമിറ്റ് ലഭിക്കുന്നത് ഇങ്ങനെ
എം പാനൽഡ് ലൈസൻസികളാണ് ഇതിന് നടപടി സ്വീകരിക്കേണ്ടത്. പെർമിറ്റുകൾ നിശ്ചിത ഫോമിൽ തയ്യാറാക്കി ലൈസൻസികൾ ആവശ്യമായ ഫീസ് അടച്ച് തദ്ദേശഭരണ സ്ഥാപനത്തിൽ പ്ലാൻ ഉൾപ്പെടെ നൽകണം. അപേക്ഷ ലഭിച്ചതായി ബന്ധപ്പെട്ട തദ്ദേശഭരണ സെക്രട്ടറി സാക്ഷ്യപ്പെടുത്തുന്നതോടെ നിർമാണത്തിന് പെർമിറ്റ് ലഭിച്ചതായി കണക്കാക്കും. അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനുള്ളിൽ സെക്രട്ടറി ഈ നടപടി പൂർത്തിയാക്കണം.