കേരളം

kerala

By

Published : Jul 2, 2019, 8:24 AM IST

ETV Bharat / state

മെഡിക്കല്‍ പ്രവേശനം: നിശ്ചിത ശതമാനത്തിനപ്പുറം ഫീസ് വർധന പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍

ഒരാഴ്‌ചക്കുള്ളിൽ പുതിയ ഫീസ് നിശ്ചയിച്ച് ഉത്തരവിറക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു

മെഡിക്കല്‍ പ്രവേശനം

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തില്‍ നിശ്ചിത ശതമാനത്തിനപ്പുറം ഫീസ് വർധന പ്രായോഗികമല്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. സാമ്പത്തിക പരാധീനതകൾ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഫീസ് നിർണയ സമിതിയെ ബോധ്യപ്പെടുത്താനും ക്രോസ് സബ്‌സിഡി അടക്കമുള്ള നിയമപ്രശ്നങ്ങൾ ഫീസ് നിർണയസമിതിയുമായി ചർച്ച ചെയ്യാനും മന്ത്രി നിർദേശിച്ചു. ഒരാഴ്‌ചക്കുള്ളിൽ പുതിയ ഫീസ് നിശ്ചയിച്ച് ഉത്തരവിറക്കുമെന്നും സ്വാശ്രയ മെഡിക്കൽ മാനേജ്മെന്‍റ് പ്രതിനിധികൾക്ക് മന്ത്രി ഉറപ്പുനൽകി.

എംബിബിഎസ് പ്രവേശന നടപടികളുമായി സഹകരിക്കുമെന്ന് സ്വാശ്രയ മാനേജ്മെന്‍റുകൾ അറിയിച്ചു. ഫീസ് നിർണയ സമിതി നിശ്ചയിക്കുന്ന ഫീസ് ഘടന പര്യാപ്‌തമല്ലെങ്കിൽ കോടതിയെ സമീപിക്കും. ഫീസ് ഉയർത്താതെ മുന്നോട്ടു പോകാനാകില്ലെന്നും സ്വാശ്രയ മെഡിക്കൽ മാനേജ്മെന്‍റ് പ്രതിനിധികൾ പറഞ്ഞു. അലോട്ട്മെന്‍റ് നടപടികളുമായി സഹകരിക്കാനാണ് മാനേജ്മെന്‍റുകളുടെ ഇപ്പോഴത്തെ തീരുമാനം.

85 ശതമാനം സീറ്റുകളിൽ 12 ലക്ഷവും എൻആർഐ സീറ്റുകളിൽ 30 ലക്ഷവും വാർഷിക ഫീസ് വേണമെന്ന ആവശ്യമാണ് മാനേജ്മെന്‍റുകൾ ഉന്നയിച്ചത്. എറണാകുളത്തെ രണ്ട് മെഡിക്കൽ കോളജുകളിലെ ഉയർന്ന ഫീസ് ചൂണ്ടിക്കാട്ടിയും നഷ്‌ടകണക്കുകൾ നിരത്തിയുമാണ് ഈ ആവശ്യം മാനേജ്മെന്‍റുകൾ മുന്നോട്ട് വച്ചത്. ഫീസ് ഉയർത്തിയാൽ നിർധനരായ 10% വിദ്യാർഥികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് മാനേജ്മെന്‍റ് അറിയിച്ചിരുന്നു. സർക്കാരുമായി സഹകരിക്കാതെ മുന്നോട്ടു പോകുന്നതിലെ നിയമപ്രശ്നങ്ങൾ മാനേജ്മെന്‍റുകൾക്ക് വെല്ലുവിളിയാണ്. കോടതി റദ്ദാക്കിയ ഫീസിന്‍റെ അടിസ്ഥാനത്തിൽ പ്രവേശന നടപടികളുമായി മുന്നോട്ടു പോവുന്നത് നിയമവഴിയിൽ സർക്കാരിനും തിരിച്ചടിയാകും.

അതേ സമയം നേരത്തെ പ്രവേശന പരീക്ഷ കമ്മിഷണറുടെ വിജ്ഞാപനത്തിൽ ഉൾപ്പെടുത്താതിരുന്ന വയനാട് ഡി എം വിംസ് മെഡിക്കൽ കോളേജിന് എം സി ഐ സർട്ടിഫിക്കറ്റ് ലഭിച്ച സാഹചര്യത്തിൽ ഒന്നാംഘട്ട അലോട്ട്മെന്‍റിൽ താത്കാലികമായി ഉൾപ്പെടുത്തി.

ABOUT THE AUTHOR

...view details