സെക്രട്ടേറിയറ്റ് തീപിടിത്തം; ഫയലുകൾ കത്തിനശിച്ചു: പ്രതിപക്ഷ പ്രതിഷേധം - ഷോർട്ട് സർക്യൂട്ട് സെക്രട്ടേറിയറ്റ്
17:22 August 25
അഗ്‌നിശമന സേനയെത്തി തീയണച്ചു. കമ്പ്യൂട്ടറില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തലസ്ഥാനത്ത് സംഘർഷം.
തിരുവനന്തപുരം:തലസ്ഥാനത്ത് നാടകീയ രംഗങ്ങൾക്കും വൻ പ്രക്ഷോഭത്തിനും വഴിയൊരുക്കി സെക്രട്ടേറിയറ്റില്‍ തീപിടിത്തം. വൈകീട്ട് അഞ്ച് മണിയോടെയാണ് സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്‍ഡ്‌വിച്ച് ബ്ലോക്കിന്‍റെ രണ്ടാം നിലയിലെ പ്രോട്ടേക്കോള്‍ ഓഫീസില്‍ തീപിടിത്തം ഉണ്ടായത്. ഉടനെ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. പക്ഷേ ഫയലുകള്‍ ഉള്‍പ്പടെ കത്തി നശിച്ചു. കമ്പ്യൂട്ടറില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രധാനപ്പെട്ട ഫയലുകള്‍ ഒന്നും കത്തി നശിച്ചിട്ടില്ലെന്നും എല്ലാം സുരക്ഷിതമാണെന്നും പൊതുഭരണ വകുപ്പ് അഡിഷണല്‍ സെക്രട്ടറി പി. ഹണി അറിയിച്ചു. ഗസ്റ്റ് ഹൗസ് ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകള്‍ മാത്രമാണ് കത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തീപിടിത്തത്തെ തുടർന്ന് സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് തലസ്ഥാനത്ത് ഉണ്ടായത്. പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം പ്രതിഷേധവുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തി. പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രതിഷേധക്കാരെ തടഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് എംഎല്‍എമാർ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. ആദ്യം പ്രതിഷേധവുമായെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. രാത്രി വൈകി യൂത്ത് കോൺഗ്രസ്, യുവമോർച്ച എന്നിവരുടെ നേതൃത്വത്തിലും പ്രതിഷേധമുണ്ടായി. പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. പൊലീസ് ലാത്തി വീശിയാണ് പ്രതിഷേധക്കാരെ നീക്കിയത്. സ്വര്‍ണക്കടത്ത് കേസില്‍ നയതന്ത്ര പാഴ്‌സലുമായി ബന്ധപ്പെട്ട് അനുമതി നല്‍കിയ ഫയലുകള്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറോട് കസ്റ്റംസും എന്‍.ഐ.എയും തേടിയിരുന്നു. അവ പ്രോട്ടോക്കോള്‍ വിഭാഗം ഹാജരാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ പ്രതിഷേധവും സമരവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തിയത്.