തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ നിയമസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്ന ശേഷം ഇനിയെന്തെന്ന് ആലോചിച്ചിരുന്ന പ്രതിപക്ഷത്തിന് വീണു കിട്ടിയ ആയുധമാവുകയാണ് സെക്രട്ടേറിയറ്റിലെ തീപിടിത്തം. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അട്ടിമറി ആരോപിച്ചതോടെയാണ് സംഭവത്തിന് രാഷ്ട്രീയ മാനം കൈവരുന്നത്. ഈ പ്രസ്‌താവനയ്ക്ക് തൊട്ടു പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലെത്തി. ഇവരെ അറസ്റ്റ് ചെയ്‌ത് നീക്കുന്നതിനിടെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സംഭവ സ്ഥലത്തെത്തി മാധ്യമ പ്രവര്‍ത്തകരോട് പുറത്തു പോകാന്‍ ആവശ്യപ്പെട്ടതോടെ സംഭവം കത്തിപ്പടരാന്‍ തുടങ്ങി.
കത്തിയത് സെക്രട്ടേറിയറ്റിലെ ഫയല്‍.. കത്തുന്നത് രാഷ്ട്രീയ വിവാദം.. - രാഷ്ട്രീയ വിവാദം
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎയും കസ്റ്റംസും ഇ.ഡിയും ചീഫ് പ്രോട്ടോകോള്‍ ഓഫിസറോട് വിശദീകരണം തേടിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രതിപക്ഷത്തിന് അപ്രതീക്ഷിത ആയുധമാവുകയും സര്‍ക്കാരിനെ സംശയത്തില്‍ നിര്‍ത്തുകയുമാണ് സെക്രട്ടേറിയറ്റിലെ തീപിടിത്തം
തൊട്ടുപിന്നാലെ സ്ഥലം എം.എല്‍.എയും മുന്‍ മന്ത്രിയുമായ വി.എസ്. ശിവകുമാര്‍ സ്ഥലത്തെത്തിയെങ്കിലും പൊലീസ് തടഞ്ഞു. അകത്തേയ്ക്ക് പോകണമെന്ന് ശിവകുമാര്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് വഴങ്ങിയില്ല. രാത്രി ഏഴിന് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയോഗം ചേരാനിരിക്കെയായിരുന്നു തീപിടിത്തം സംഭവിച്ചത്. തൊട്ടു പിന്നാലെ തലസ്ഥാനത്തുണ്ടായിരുന്ന വി.ടി ബല്‍റാം എംഎല്‍എയും സിഎംപി നേതാവ് സി.പി.ജോണും സ്ഥലത്തെത്തി സെക്രട്ടേറിയറ്റിനകത്തേയ്ക്ക് കയറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് കടത്തിവിട്ടില്ല. അപ്പോഴാണ് പ്രതിപക്ഷ നേതാവ് സ്ഥലത്തെത്തുന്നത്. ഇതോടെ പൊലീസിന് എംഎല്‍എമാരെ അകത്ത് പ്രവേശിപ്പിക്കാനാകാത്ത സ്ഥിതിയായി. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നാല് എംഎല്‍എമാര്‍ അകത്തു കയറി. ഫയലുകള്‍ മുഴുവന്‍ കത്തിച്ചതാണെന്നും എന്‍ഐഎ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തുടർന്ന് പ്രതിപക്ഷ നേതാവും എംഎല്‍എമാരും രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. സംഭവത്തിന്‍റെ രാഷ്ട്രീയ ഊഷ്‌മാവ് പരമാവധി ഉയര്‍ത്താന്‍ തന്നെയായിരുന്നു ചെന്നത്തലയുടെ ശ്രമം. എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ബുധനാഴ്‌ച വീണ്ടും ഗവര്‍ണറെ കാണുമെന്നും ചെന്നിത്തല പ്രഖ്യാപിച്ചതോടെ വരും ദിവസങ്ങളില്‍ വിഷയം പ്രധാന ആയുധമാക്കാനാണ് യുഡിഎഫ് ശ്രമമെന്നും വ്യക്തമായി.
തിങ്കളാഴ്‌ച അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഒട്ടേറെ വാദമുഖങ്ങളുന്നയിച്ചെങ്കിലും മുഖ്യമന്ത്രി അതെല്ലാം ലളിതവത്കരിച്ചത് പ്രതിപക്ഷത്തിന്‍റെ പിടിപ്പുകേടാണെന്ന വിമര്‍ശനമാകുമ്പോഴാണ് പ്രോട്ടോകോള്‍ വിഭാഗത്തിലെ തീപിടിത്തം പ്രതിപക്ഷത്തിന് ആയുധമാകുന്നത്. എല്‍ഡിഎഫ് മന്ത്രിമാരുള്ള സെക്രട്ടേറിയറ്റില്‍ ഇന്നലെ തീപിടിത്തമുണ്ടാകുമ്പോള്‍ മന്ത്രിമാരാരും ഇല്ലാതിരുന്നതും സംഭവത്തില്‍ ദൂരൂഹത ആരോപിക്കാൻ പ്രതിപക്ഷത്തിന് സഹായകമാകും. കൂടാതെ സെക്രട്ടേറിയറ്റില്‍ പ്രതിപക്ഷ നേതാവിന് കയറിയിറങ്ങി പരിശോധിക്കാനവസരമുണ്ടായത് ഈ അവസരത്തിൽ സര്‍ക്കാരിന് ക്ഷീണവുമാകും. സംഭവം ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാമെങ്കിലും തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കുന്നതിനാൽ സര്‍ക്കാരിന് മേല്‍ സംശയമുന നീട്ടുന്ന സംഭവമാകുകയാണ് സെക്രട്ടേറിയറ്റിലെ തീപിടിത്തം.