തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ സെക്ഷനിലുണ്ടായ തീപിടിത്തം അട്ടമറിയാണെന്ന് ആരോപിച്ച് പ്രതിപക്ഷവും ബി.ജെ.പിയും രംഗത്ത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് സ്വർണക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനായി തെളിവുകൾ നശിപ്പിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. തീപിടിത്തം സംശയാസ്പദമാണെന്നാണ് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണം. തീപിടിത്തം അട്ടമറിയാണെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്ത് എത്തി.
പ്രോട്ടോക്കോള്‍ സെക്ഷനില്‍ തീപിടിച്ചു; ആളിക്കത്തിച്ച് പ്രതിപക്ഷം - ബി.ജെ.പിയും
മുഖ്യമന്ത്രിയുടെ അറിവോടെയാണ് സ്വർണക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സെക്രട്ടേറിയറ്റിലേക്ക് ബി.ജെ.പി നേതാക്കള്‍ എത്തിയത് സംഘർഷത്തിനിടയാക്കി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അടക്കമുള്ള ബി.ജെ.പി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പിന്നാലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നേരിട്ടെത്തി മാധ്യമങ്ങൾ അടക്കമുള്ളവരെ സെക്രട്ടേറിയറ്റിന് പുറത്താക്കി. തീപിടിത്തം അന്വേഷിക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. പിന്നാലെ തീപിടിത്തമുണ്ടായ സ്ഥലം സന്ദർശിക്കണമെന്നാവശ്യപ്പെട് വി.എസ് ശിവകുമാർ എം.എൽ എ അടക്കമുള്ളവർ രംഗത്ത് എത്തി. പിന്നാലെ കൂടുതൽ കോൺഗ്രസ് നേതാക്കൾ എത്തി പ്രതിഷേധം കടുപ്പിച്ചു. ഇതോടെ പൊലീസും പ്രവർത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കോൺഗ്രസ് നേതാക്കൾ സെക്രട്ടേറിയറ്റിന്‍റെ നോർത്ത് ഗെയ്റ്റിൽ കുത്തിയിരിക്കുന്നു പ്രതിഷേധിക്കുകയാണ്.