കേരളം

kerala

ETV Bharat / state

സ്കൂള്‍ തുറക്കല്‍: മാര്‍ഗ നിദേശങ്ങള്‍ പുറപ്പെടുവിച്ച് പൊലീസ് മേധാവി

ജൂണ്‍ 1 മുതല്‍ സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പ് വരുത്താന്‍ ജില്ല പൊലീസ് മേധാവിമാര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം

വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പ് നല്‍കും  വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കും  മാര്‍ഗ നിര്‍ദേശങ്ങളുമായി ഡിജിപി  സ്‌കൂള്‍ തുറക്കല്‍  ജൂണ്‍ 3 ന് വിദ്യാര്‍ഥികള്‍സ്‌കൂളിലേക്ക്  Full security will be ensured for the students  Provide more security for students
വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കും; മാര്‍ഗ നിര്‍ദേശങ്ങളുമായി ഡിജിപി

By

Published : May 31, 2022, 4:13 PM IST

തിരുവനന്തപുരം: ബുധനാഴ്‌ച സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതവും സൗഹാര്‍ദപരവുമായ പഠനാന്തരീക്ഷം ഉറപ്പ് വരുത്താനായി ക്രമീകരണം ഏര്‍പ്പെടുത്താന്‍ ജില്ല പൊലീസ് മേധാവിമാരോട് ഡിജിപി നിര്‍ദേശിച്ചു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിരത്തുകളില്‍ ഉണ്ടാകുന്ന തിരക്ക് കുറയ്ക്കാന്‍ പൊലീസ് നടപടി സ്വീകരിക്കണം.

സ്‌കൂള്‍ ബസുകളിലും മറ്റ് സ്വകാര്യവാഹനങ്ങളിലും എത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും നിര്‍ദേശമുണ്ട്. വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകാന്‍ അനുവദിക്കില്ല. വാഹനങ്ങളുടെ ഫിറ്റ്‌നെസ്, സുരക്ഷ ക്രമീകരണം എന്നിവ ഉറപ്പാക്കണം.

സ്‌കൂള്‍ പരിസരങ്ങളിലെ റോഡുകളില്‍ കുട്ടികള്‍ക്ക് റോഡ് മുറിച്ചുകടക്കുന്നതിന് പൊലീസിന്‍റെയും സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റുകളുടെയോ സഹായം ലഭ്യമാക്കും. സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അവര്‍ക്ക് മറ്റ് സ്വഭാവദൂഷ്യങ്ങള്‍ ഇല്ലെന്നും സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണം.

ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയതിന് ശേഷമേ ഡ്രൈവര്‍മാരെ അനുവദിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. സ്‌കൂള്‍ അധികൃതരുടെ സഹകരണത്തോടെ സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ബോധവത്കരണ ക്ലാസുകള്‍ നല്‍കും. കുട്ടികളെ സ്‌കൂളില്‍ എത്തിച്ചശേഷം സ്വകാര്യവാഹനങ്ങള്‍ സ്‌കൂളിന് സമീപത്തെ റോഡരികില്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.

സ്‌കൂള്‍ കുട്ടികളുമായി യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നത് കണ്ടെത്തുന്നതിന് അപ്രതീക്ഷിത വാഹനപരിശോധന നടത്താനും ഡിജിപി നിര്‍ദേശിച്ചു. സ്‌കൂള്‍ പരിസരങ്ങളില്‍ മയക്കുമരുന്ന്, മറ്റ് പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സ്‌കൂള്‍ പരിസരങ്ങളിലെ പിടിച്ചുപറി, മോഷണം എന്നിവയ്‌ക്കെതിരെ നിരീക്ഷണം ശക്തമാക്കും.

കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമം തടയുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്താനും നിര്‍ദേശമുണ്ട്. കുട്ടികളുമായി യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ ഉള്‍പ്പെടെയുളളവര്‍ സഭ്യമല്ലാത്ത പ്രവൃത്തികളിലേര്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സൈബര്‍ സുരക്ഷ, സ്വയം പ്രതിരോധ പരിശീലനം, രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണം എന്നിവയ്ക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കാനും ഡി.ജി.പി നിര്‍ദേശിച്ചിട്ടുണ്ട്.

also read:എയ്‌ഡഡ് സ്‌കൂള്‍ നിയമനം പിഎസ്‌സിക്ക് വിടില്ല; ബാലനെ തള്ളി കോടിയേരി

ABOUT THE AUTHOR

...view details