പുതു സ്വപ്‌നങ്ങളുമായ് കുരുന്നുകൾ സ്‌കൂളിലേക്ക് തിരുവനന്തപുരം :പുത്തൻ യൂണിഫോമും പുതു സ്വപ്‌നങ്ങളുമായി വിദ്യാർഥികൾ സ്‌കൂളിലേക്ക്. രാവിലെ 10 മണിയോടെ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങ് കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴി എല്ലാ സ്‌കൂളുകളിലും തത്സമയം സംപ്രേഷണം ചെയ്യും.
തുടർന്ന് സ്‌കൂൾതല പ്രവേശനോത്സവങ്ങൾ ജനപ്രതിനിധികൾ, സാംസ്‌കാരിക നായകർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷതയിലായിരിക്കും ചടങ്ങ് നടക്കുക. മന്ത്രിമാരായ അഡ്വ. ആന്‍റണി രാജു, അഡ്വ. ജി ആർ അനിൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരും സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനങ്ങൾ : കൊല്ലം ശങ്കരമംഗലത്ത് മന്ത്രി കെ എൻ ബാലഗോപാലാണ് ഉദ്ഘാടനം നിർവഹിക്കുക. വീണ ജോർജ് പത്തനംതിട്ട കടമ്മനിട്ടയിലും വി എൻ വാസവൻ കോട്ടയം തലയോലപ്പറമ്പിലും റോഷി അഗസ്റ്റിൻ ഇടുക്കി വാഴത്തോപ്പിലും ഉദ്ഘാടനം നിർവഹിക്കും. പി പ്രസാദ് ആലപ്പുഴ പോളതൈയിലും പി രാജീവ് എറണാകുളത്തും കെ രാധാകൃഷ്‌ണൻ തൃശൂരിലും എം ബി രാജേഷ് പാലക്കാട് മലമ്പുഴയിലും ഉദ്ഘാടനം നടത്തും. വി അബ്‌ദുറഹിമാൻ മലപ്പുറം കല്‍പകഞ്ചേരിയിലും പി എ മുഹമ്മദ് റിയാസ് കോഴിക്കോടും ഐ സി ബാലകൃഷ്‌ണൻ എംഎൽഎ വയനാട്ടിലും ഉദ്ഘാടനം നിർവഹിക്കും. വി ശിവദാസൻ എംപി കണ്ണൂരിലും മന്ത്രി അഹമ്മദ് ദേവർകോവിൽ കാസർകോടും പ്രവേശനോത്സവത്തിന്‍റെ ജില്ലാതല ഉദ്ഘാടനങ്ങൾ നിർവഹിക്കും. മന്ത്രിമാരായ ആർ ബിന്ദു, കെ രാജൻ എന്നിവർ തൃശൂരിലെ വിവിധ സ്‌കൂളുകളിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.
പ്രവേശനോത്സവത്തിന്‍റെ ഭാഗമായി വിവിധ പരിപാടികളാണ് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഒരുക്കിയിരിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ കണക്ക് അനുസരിച്ച് ഒന്നാം ക്ലാസിലേക്ക് ഏകദേശം മൂന്ന് ലക്ഷം കുട്ടികൾ എത്തിയേക്കും. പുതിയ അധ്യയന വർഷത്തിൽ, വിദ്യാർഥികളിൽ ശുചിത്വ സംസ്‌കാരം വളർത്തിയെടുക്കുന്ന ശുചിത്വ വിദ്യാലയത്തിനും ലഹരി വിരുദ്ധ പദ്ധതികൾക്കുമാണ് വിദ്യാഭ്യാസ വകുപ്പ് കൂടുതൽ മുൻഗണന നൽകിയിരിക്കുന്നത്.
സംസ്ഥാനത്താകെ 6,849 എൽ പി സ്‌കൂളുകളും 3,009 യു പി സ്‌കൂളുകളും 3,128 ഹൈസ്‌കൂളുകളും 2,077 ഹയർ സെക്കൻഡറി സ്‌കൂളുകളും 359 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളുമാണ് ഉള്ളത്. സർക്കാർ, എയിഡഡ് സ്‌കൂളുകളുടെ ആകെ എണ്ണം 13,964 ആണ്. അൺഎയിഡഡ് കൂടി ചേർക്കുമ്പോൾ ഇത് 15,452 ആകും. പുതിയ അധ്യയന വർഷത്തിലെ അക്കാദമിക കലണ്ടർ ഇന്ന് പുറത്തിറക്കും.
പുതിയ അധ്യയന വര്‍ഷത്തില്‍ 32 സ്‌കൂളുകള്‍ കൂടി മിക്‌സഡ് സ്‌കൂളുകളാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലിംഗ സമത്വം ഉറപ്പുവരുത്തുക, സഹവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയത്തിനോടനുബന്ധിച്ചാണ് നടപടി. കേരളത്തിൽ ആകെ 280 ഗേള്‍സ് സ്‌കൂളുകളും 164 ബോയ്‌സ് സ്‌കൂളുകളുമാണ് പ്രവർത്തിച്ചിരുന്നത്. ഇവയിൽ 32 സ്‌കൂളുകളാണ് മിക്‌സ്‌ഡ് സ്‌കൂളുകളാക്കി മാറ്റിയത്.
Also read :'പാഠപുസ്‌തകം പരിഷ്‌കരിക്കുമ്പോൾ കേന്ദ്ര നയം പിന്തുടരില്ല, സമൂഹം ആവശ്യപ്പെടുന്ന വിഷയം പാഠ്യപദ്ധതിയില്‍ ഉണ്ടാകും': മന്ത്രി വി ശിവൻകുട്ടി