തിരുവനന്തപുരം :ആൾമാറാട്ട കേസിലെ പ്രതിക്ക് 24 വയസുണ്ടെന്നും കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രാഥമിക യോഗ്യത പോലും ഇല്ലെന്നും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി. ഇതുകൊണ്ടാണ് പിൻവാതിലിലൂടെ യൂണിവേഴ്‌സിറ്റി യൂണിയൻ ഭാരവാഹിയാകാന്‍ എസ്‌എഫ്‌ഐ നേതാവ് ശ്രമിച്ചതെന്നും സംഘടന ആരോപിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളജില്‍, യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച യുയുസിയെ മാറ്റി പകരം എസ്‌എഫ്‌ഐ ഏരിയ നേതാവിനെ തിരുകി കയറ്റിയ സംഭവത്തിലാണ് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി രംഗത്തെത്തിയത്.
എസ്‌എഫ്‌ഐയുടെ ആള്‍മാറാട്ടം പുറത്തായതോടെ പ്രിൻസിപ്പാളിന്‍റെ സ്ഥാനം തെറിച്ചിരുന്നു. തുടര്‍ന്ന്, പ്രിൻസിപ്പാളിനേയും വിദ്യാർഥിയേയും ക്രിമിനൽ കേസിൽ പ്രതി ചേര്‍ത്തു. സുപ്രീം കോടതി അംഗീകരിച്ച ലിംഗ്‌ദോ കമ്മിഷൻ വ്യവസ്ഥയനുസരിച്ച് 22 വയസ് പൂർത്തിയായവരെ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. വിവാദത്തിൽപ്പെട്ട എ വിശാഖ് എന്ന വിദ്യാർഥി തിരുവനന്തപുരത്തെ മറ്റൊരു വിദ്യാലയത്തിൽ മൂന്നുവർഷത്തെ പഠനം പൂര്‍ത്തിയാക്കിയതാണ്. ശേഷമാണ് കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ വീണ്ടും ഒന്നാംവർഷ ഫിസിക്‌സ് ഡിഗ്രി കോഴ്‌സിന് പ്രവേശനം നേടിയതെന്നും സേവ് യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ 24 വയസ് പൂർത്തിയായിട്ടുണ്ട് വിശാഖിന്. ഈ സാഹചര്യത്തില്‍ യുയുസി സ്ഥാനത്തേക്കുള്ള നാമനിർദേശ പത്രിക നിയമപ്രകാരം കോളജിലെ റിട്ടേണിങ് ഓഫിസർ സ്വീകരിക്കില്ലെന്ന് ഉറപ്പായിരുന്നു. ഇക്കാരണം കൊണ്ടാണ് മറ്റൊരു വിദ്യാർഥിനിയെ മത്സരിപ്പിച്ചതും പ്രസ്‌തുത വിദ്യാർഥിനി തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം കഴിഞ്ഞ ഉടൻ രാജിവച്ചതും. തുടർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വിശാഖിന്‍റെ പേര് പ്രിൻസിപ്പാളിനെ സ്വാധീനത്തിലാക്കി സർവകലാശാല രജിസ്ട്രാറെ രേഖാമൂലം അറിയിക്കുകയായിരുന്നു.
'രജിസ്ട്രാറുടെ ഭാഗത്ത് ഗുരുതര വീഴ്‌ച':പ്രിൻസിപ്പാളിന്‍റെ അറിവോടെ നടന്ന ഈ തട്ടിപ്പ് പുറത്തായതോടെ അദ്ദേഹം തന്നെ പ്രതിക്കൂട്ടിലാവുകയായിരുന്നു. യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിന് കൗൺസിലർമാരുടെ വോട്ടർപട്ടിക തയ്യാറാക്കുന്നതിന് മുൻപ് നടത്തേണ്ട ചില നടപടികളുണ്ട്. കൗൺസിലർമാരായ വിദ്യാർഥികളുടെ വയസ്, അവർ യൂണിവേഴ്‌സിറ്റി പരീക്ഷകൾ പാസായത് കാണിക്കുന്ന രേഖകൾ എന്നിവ പരിശോധിക്കുകയോ, വോട്ടർ പട്ടിക സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയോ ചെയ്‌തിരുന്നില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.