തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന്‍റെ വെളിപ്പെടുത്തലുകള്‍ തെറ്റാണെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി. തൃശൂർ കേരള വർമ കോളജിൽ താൻ വൈസ് പ്രിൻസിപ്പലായിരുന്നുവെന്നും പ്രിന്‍സിപ്പലിന്‍റെ ചാര്‍ജ് വഹിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞത് തെറ്റാണെന്നതിന്‍റെ തെളിവുകള്‍ ക്യാമ്പയിന്‍ കമ്മിറ്റി പുറത്തുവിട്ടു.
2020 നവംബര്‍ 13നാണ് ആര്‍ ബിന്ദു കോളജില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായി നിയമിക്കപ്പെട്ടത്. തുടര്‍ന്ന് 2021 ഒക്‌ടോബര്‍ വരെ ആര്‍ ബിന്ദു ജോലിയില്‍ തുടര്‍ന്നിട്ടുണ്ടെന്നും സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റി വെളിപ്പെടുത്തി. കോളജിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നും കമ്മിറ്റി വ്യക്തമാക്കി. കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ ഉടമസ്ഥതയിലുള്ള കേരള വർമ കോളജിൽ ആദ്യമായാണ് യൂണിവേഴ്‌സിറ്റി സ്റ്റാറ്റ്യൂട്ടിൽ വ്യവസ്ഥ ചെയ്യാത്ത വൈസ് പ്രിൻസിപ്പൽ പദവിയിൽ ആർ. ബിന്ദുവിനെ നിയമിച്ചത്.
മാധ്യമങ്ങളോട് കളവ് പറഞ്ഞ മന്ത്രി തന്നെയാണ് പിഎസ്‌സി അംഗീകരിച്ച പട്ടിക തള്ളിയത്. ഇടതുപക്ഷ അധ്യാപക പ്രതിനിധികളെ ഉൾപ്പെടുത്തി പുതിയൊരു പരാതി പരിഹാര സമിതി രൂപീകരിച്ച്, ഡൽഹി കേന്ദ്രീകരിച്ച് നടത്തുന്ന വ്യാജ ഓൺലൈൻ ജേണലുകളിലെ പ്രസിദ്ധീകരണങ്ങൾ കൂടി പരിഗണിച്ച് പ്രിൻസിപ്പൽ നിയമന പട്ടിക പുതുക്കാൻ പച്ചക്കൊടി കാട്ടിയത് മന്ത്രി തന്നെയാണെന്നും സേവ് യൂണിവേഴ്‌സിറ്റി സമിതി കുറ്റപ്പെടുത്തി.