തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ താത്‌കാലിക വൈസ് ചാൻസലറായി ഡോ. സജി ഗോപിനാഥ് നിയമവിരുദ്ധമായി തുടരുന്നത് തടയണമെന്നും വിസി അധികാരം ഉപയോഗിച്ച് ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഒപ്പുവച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി. യുജിസി ചട്ട പ്രകാരം സെർച്ച് കമ്മിറ്റി രൂപീകരിച്ച് സ്ഥിരം വിസിയെ നിയമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. വിസിയുടെ താത്‌കാലിക ചുമതല പരമാവധി ആറുമാസം വരെ മാത്രമേ പാടുള്ളുവെന്ന് സർവകലാശാല നിയമം വകുപ്പ് 13 (7)ൽ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്.
ഇതനുസരിച്ച് 2022 നവംബർ നാലിന് ഡോ. സിസ തോമസിനെ താത്‌കാലിക വിസിയായി നിയമിച്ചിരുന്നു. 'മാർച്ച് 31ന് സിസ തോമസ് സർവീസിൽ നിന്നും വിരമിച്ചതിനെ തുടർന്നാണ് ഡിജിറ്റൽ സർവകലാശാല വിസിയായിരുന്ന ഡോ. സജി ഗോപിനാഥിന് സാങ്കേതിക സര്‍വകലാശാല വിസിയുടെ താത്‌കാലിക ചുമതല നൽകിയത്. അദ്ദേഹത്തിന് നിയമപ്രകാരം മെയ് നാല് മുതൽ വിസിയുടെ ചുമതലയിൽ തുടരാന്‍ അവകാശമില്ലെങ്കിലും ഗവർണറുടെ ഭാഗത്ത് തികഞ്ഞ നിസംഗതയാണ്.