ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ കോണ്‍ഗ്രസ് ഇന്ന് സംഘടിപ്പിച്ച മെഗ റാലിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ അഭിനന്ദിച്ച് ലോക്‌സഭ അംഗം ശശി തരൂര്‍. കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം 'മെഹംഗൈ പർ ഹല്ലാ ബോൽ റാലി'യില്‍ പങ്കെടുത്തവരെ ആവേശം കൊള്ളിക്കുന്ന ഒന്നായിരുന്നുവെന്നും തിരുവനന്തപുരം എം പി അഭിപ്രായപ്പെട്ടു.
കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം, രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തെ അഭിനന്ദിച്ച് ശശി തരൂര്‍ - ഭാരത് ജോഡോ യാത്ര
ഭാരത് ജോഡോ യാത്രയ്‌ക്ക് മുന്നോടിയായി ആണ് കോണ്‍ഗ്രസ് ഇന്ന് ഡല്‍ഹി രാംലീല മൈതാനത്ത് മെഗാറാലി സംഘടിപ്പിച്ചത്
കോൺഗ്രസിന്‍റെ 'മെഹംഗൈ പർ ഹല്ലാ ബോൽ റാലി'യിൽ രാഹുൽ ഗാന്ധി നടത്തിയ ശക്തമായ പ്രസംഗം രാം ലീല മൈതാനത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തെ ഉണർത്തി. ഇനി 'ഭാരത് ജോഡോ യാത്രയിൽ രാജ്യമെമ്പാടും സന്ദേശം എത്തിക്കാം!" എന്നതായിരുന്നു ശശിതരൂരിന്‍റെ ട്വീറ്റ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ഭയവും വിദ്വേഷവും പ്രചരിപ്പിച്ച് രാജ്യത്തെ ദുർബലപ്പെടുത്തുകയാണെന്ന് രാഹുല്‍ ഗാന്ധി ഞായറാഴ്‌ച (04-09-2022) ആരോപിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ ഈ പ്രവണത് ശത്രുക്കള്‍ക്ക് ഗുണം ചെയ്യുന്നതാണ്. ബിജെപി സർക്കാർ വന്നതിന് ശേഷം മാധ്യമങ്ങൾ, ജുഡീഷ്യറി, തിരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയ സ്ഥാപനങ്ങൾക്ക് മേൽ സമ്മർദം ചെലുത്തുന്നുണ്ടെന്നും സർക്കാർ അവരെ തുരങ്കം വയ്ക്കുകയാണെന്നും റാലിയിൽ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.