തിരുവനന്തപുരം: നഗരസഭയുടെ ശാന്തികവാടം ശ്മശാനത്തിലെ ശവസംസ്‌കാര ചടങ്ങുകള്‍ ഇനി ലോകത്ത് എവിടെയിരുന്നും തത്സമയം കാണാം. ഇത് സാധ്യമാക്കുന്ന ലൈവ് സ്ട്രീമിങ് സംവിധാനം ശ്മശാനത്തിൽ ആരംഭിച്ചു. വെബ് സ്ട്രീമിംഗ് സംവിധാനം മേയർ കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്‌തു. ശാന്തികവാടത്തിലെ ശവസംസ്‌കാരം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ശാന്തികവാടം ശ്മശാനത്തിലെ ചടങ്ങുകൾ ഇനി ഓണ്‍ലൈനിൽ കാണാം
വെബ് സ്ട്രീമിംഗ് സംവിധാനം മേയർ കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്‌തു. ശാന്തികവാടത്തിലെ ശവസംസ്‌കാരം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്
കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ബന്ധുക്കൾക്ക് അവസരമില്ല. ഇത് വലിയ വൈകാരിക പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുന്നത് ഒഴിവാക്കാനാണ് വെബ് സ്ട്രീമിംഗ് സംവിധാനമെന്ന് മേയർ പറഞ്ഞു. നിലവിൽ ശാന്തികവാടത്തിൽ രണ്ട് ഇലക്ട്രിക് ശ്മശാനങ്ങളും നാല് വിറക് ശ്മശാനങ്ങളുമാണ് പ്രവർത്തിക്കുന്നത്. ഇതിനുപുറമെ രണ്ട് ഗ്യാസ് ശ്മശാനങ്ങൾ കൂടി പ്രവർത്തന സജ്ജമായിട്ടുണ്ട്. എട്ട് ഫർണസുകളിൽ നിന്നും മരണാനന്തര ചടങ്ങുകൾ നടക്കുന്ന നാല് സ്ഥലങ്ങളിൽ നിന്നും ലൈവ് സ്ട്രീമിങ് സജ്ജീകരിക്കും. സ്‌മാർട്ട് ട്രിവാൻഡ്രം മൊബൈൽ ആപ്പിലും സംസ്‌കാരം തത്സമയം കാണാം. ക്രിമേഷൻ സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭ്യമാക്കാനുള്ള ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്‌കരിക്കുന്ന മൃതദേഹങ്ങളുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതെന്നും നഗരസഭ വ്യക്തമാക്കി.