തിരുവനന്തപുരം:സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമൺക്കടവിലെ ആശ്രമം കത്തിച്ച കേസിൽ ബിജെപി പ്രവർത്തകനും മൂന്നാം പ്രതിയുമായ ശബരി എസ് നായർക്ക് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷൻസ് കോടതി ജഡ്‌ജി എസ് രാധാകൃഷ്‌ണന്‍റേതാണ് ഉത്തരവ്. സമാനമായ കേസുകളിൽ അകപ്പെടാനോ, സമൂഹത്തിൽ ഭീകരാന്തരീഷം സൃഷ്‌ടിക്കാനോ പാടില്ല എന്നിങ്ങനെ കർശന ഉപാധികളോടെയാണ് ജാമ്യം.
ALSO READ |സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവം : പ്രധാനപ്രതി വി ജി ഗിരികുമാറെന്ന് റിമാൻഡ് റിപ്പോർട്ട്, പൊലീസിനെ അഭിനന്ദിച്ച് ഡിവൈഎഫ്ഐ
പുറമെ, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല, കുറ്റപത്രം സമർപ്പിക്കുന്നതുവരെ തിങ്കളാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുൻപിൽ ഹാജരാക്കണം എന്നിവയും ഉപാധികളില്‍ പറയുന്നു. ഇതോടെ കേസിൽ പിടിയിലായ മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിച്ചു. കേസിൽ പിടിയിലായ രണ്ടാം പ്രതി കൃഷ്‌ണകുമാറിനും, നാലാം പ്രതിയും കൗൺസിലറുമായ ഗിരികുമാർ എന്നിവർക്ക് നേരത്തെ അഡീഷണല്‍ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
ALSO READ |സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് ; ആദ്യഘട്ട അന്വേഷണത്തിൽ അട്ടിമറിയെന്ന് ക്രൈംബ്രാഞ്ച്
പ്രതികൾക്ക് വേണ്ടി അഡ്വ. ശാസ്‌തമംഗലം എസ് അജിത്ത് കുമാർ ഹാജരായി. 2018 ഒക്ടോബർ 27നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടത്. ആശ്രമത്തിൽ റീത്ത് വച്ചത് കൃഷ്‌ണകുമാറാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. ഇതേത്തുടർന്നാണ് അറസ്റ്റ്. കേസിലെ ഒന്നാം പ്രതി മരണപ്പെട്ടിരുന്നു.
കേസില്‍ ആദ്യഘട്ടത്തില്‍ അട്ടിമറി നടന്നു:സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ആദ്യ ഘട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ അട്ടിമറി നടന്നതായി ക്രൈംബ്രാഞ്ച്. മെയ് 14നാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്. മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. രണ്ട് ഡിവൈഎസ്‌പിമാര്‍ക്കെതിരെയും വിളപ്പില്‍ ശാല, പൂജപ്പുര പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം.
പ്രതികളിലേക്കെത്താന്‍ കാലതാമസം:ആശ്രമം കത്തിക്കല്‍ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ കൃത്യമായി ശേഖരിച്ചില്ല, ശേഖരിച്ചവ കാണാതാവുന്ന സാഹചര്യവും ഉണ്ടായെന്നും ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ രേഖകള്‍ വീണ്ടെടുക്കാൻ നടത്തിയ അന്വേഷണമാണ് പ്രതികളില്‍ എത്തുന്നതില്‍ കാലതാമസമുണ്ടാക്കിയത്. കൂടാതെ ചില പ്രാദേശിക രാഷ്‌ട്രീയ നേതാക്കളുടെ ഫോണ്‍ വിശദാംശങ്ങള്‍ കേസ് ഡയറിയില്‍ എഴുതിച്ചേര്‍ത്തിട്ടില്ല.
ആശ്രമം കത്തിച്ച കേസിലെ ഒന്നാം പ്രതി പ്രകാശ് മരിച്ചിരുന്നു. ഈ മരണത്തിലെ ദുരൂഹത വിളപ്പില്‍ശാല പൊലീസ് കൃത്യമായി അന്വേഷിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ക്രൈംബ്രാഞ്ച് എസ്‌പി സുനില്‍, ക്രൈംബ്രാഞ്ച് മേധാവി, ഡിജിപി എന്നിവര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. കര്‍ശന നടപടി വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.
ALSO READ |സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: ബിജെപി കൗണ്‍സിലറെ അറസ്റ്റ് ചെയ്‌ത് ക്രൈംബ്രാഞ്ച്
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ കൂടുതല്‍ പേര്‍ ക്രൈംബ്രാഞ്ചിന്‍റെ പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിപി നഗര്‍ വാര്‍ഡ് ബിജെപി കൗണ്‍സിലര്‍ വി ജി ഗിരികുമാര്‍, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശബരി എന്നിവരെ മെയ് രണ്ടിനാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്‌തത്.