തിരുവനന്തപുരം :ചാലക്കമ്പോളത്തിലെ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് പുറംതള്ളുന്ന മാലിന്യം വൻതോതിൽ അണപ്പാട് തോട്ടിലും പരിസരത്തും ഉപേക്ഷിക്കുന്നത് പതിവാകുന്നു. 24 ചാക്ക് മാലിന്യമാണ് കഴിഞ്ഞ ദിവസം രാവിലെ തോട്ടിലും പരിസരത്തുമായി കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മലയിൻകീഴ് പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മാലിന്യങ്ങളിൽ നിന്നും കടയുടെ ബില്ലുകൾ കണ്ടെത്തിയത് മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്താൻ സഹായിച്ചു.
അണപ്പാടിന് പെടാപ്പാടായി മാലിന്യം: നടപടി വേണമെന്ന് നാട്ടുകാർ
മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
പ്ലാസ്റ്റിക്, കാർബൺ, കടലാസുകൾ, റബ്ബർ ഉത്പ്പന്നങ്ങൾ, ഇ-വേസ്റ്റ് എന്നിവയും മാലിന്യ കൂട്ടത്തിലുണ്ടായിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പിനെ അറിയിച്ചതനുസരിച്ച് പരിശോധന നടത്തുകയും ഇവർ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ചാലയിലെ കടക്കെതിരെ മലയിൻകീഴ് പൊലീസിൽ പരാതി നൽകിയതായി പഞ്ചായത്ത് സെക്രട്ടറി സി നന്ദകുമാർ പറഞ്ഞു. കഴിഞ്ഞ ഈസ്റ്റർ ദിവസം മലയിൻകീഴ് കരിപ്പൂരില്‍ പത്തു ചാക്കുകളിലായി അറവു മാലിന്യം ഓടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മഴയിൽ ചീഞ്ഞളിഞ്ഞ മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധവും ഈച്ച ശല്യവും നാട്ടുകാർക്ക് ദുരിതമാണ്. മാലിന്യ നിക്ഷേപം പതിവായ ഇവിടെ നിരീക്ഷണ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.