തിരുവനന്തപുരം : നവജാത ശിശുവിനെ വിൽപ്പന നടത്തിയ സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ വി മനോജ്‌കുമാർ. ഗൗരവമുള്ള സംഭവമാണ് ഉണ്ടായതെന്നും അതിനാലാണ് ഇക്കാര്യം ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ ശരിയായ രീതിയിലുള്ള അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വിഷയത്തിൽ എല്ലാ വശങ്ങളും പരിശോധിക്കാൻ പൊലീസിന് നിർദേശം നൽകി. കുഞ്ഞിന്‍റെ വിൽപ്പനയ്ക്ക് ഇടനിലക്കാരുണ്ടായിരുന്നോ എന്നും പരിശോധിക്കും. കുഞ്ഞിനെ വിറ്റവർക്കും വാങ്ങിയവർക്കുമെതിരെ നടപടിയുണ്ടാകുമെന്നും കെ വി മനോജ്‌കുമാർ കൂട്ടിച്ചേർത്തു.
വിൽപ്പന മൂന്ന് ലക്ഷം രൂപയ്‌ക്ക് : ഇന്നലെയാണ് തിരുവനന്തപുരത്ത് നവജാത ശിശുവിനെ മൂന്ന് ലക്ഷം രൂപയ്‌ക്ക് വിൽപ്പന നടത്തിയതായി കണ്ടെത്തിയത്. തൈക്കാട് ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെയാണ് 11 ദിവസം മാത്രം പ്രായമായിരിക്കെ പെറ്റമ്മ കരമന സ്വദേശിനിയായ യുവതിക്ക് വിൽപ്പന നടത്തിയത്. കുഞ്ഞിനെ വിറ്റ സംഭവത്തെ കുറിച്ച് ആദ്യം വിവരം ലഭിച്ചത് ശിശു ക്ഷേമ സമിതിക്കായിരുന്നു.
ശിശുക്ഷേമ സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തമ്പാനൂര്‍ പൊലീസിന്‍റെ സ്‌പെഷ്യല്‍ ബ്രാഞ്ച് സംഭവത്തില്‍ അന്വേഷണം നടത്തുകയും കുഞ്ഞിനെ വീണ്ടെടുക്കുകയും ചെയ്‌തത്. കുഞ്ഞ് ഇപ്പോള്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണുള്ളത്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ക്ക് മന്ത്രി വീണ ജോര്‍ജ് ഇന്നലെ നിര്‍ദേശം നൽകിയിട്ടുണ്ടായിരുന്നു.
വാങ്ങിയത് വളർത്താനെന്ന് യുവതി : അതേസമയം കുഞ്ഞിനെ വാങ്ങിയത് വളർത്താനാണെന്ന പ്രതികരണവുമായി കുട്ടിയെ വാങ്ങിയ യുവതി രംഗത്തെത്തിയിരുന്നു. നേരത്തെ നിശ്ചയിച്ച പ്രകാരമായിരുന്നു വിൽപ്പനയെന്നും സുഹൃത്തിന്‍റെ പക്കല്‍ നിന്നാണ് കുഞ്ഞിനെ വാങ്ങിയതെന്നുമാണ് ഇവർ മാധ്യമങ്ങളോട് ഇന്നലെ വ്യക്‌തമാക്കിയത്. ഏപ്രില്‍ ഏഴ് വെള്ളിയാഴ്‌ചയായിരുന്നു കുഞ്ഞ് തൈക്കാട് ആശുപത്രിയില്‍ ജനിച്ചത്.