തിരുവനന്തപുരം : താത്‌കാലിക അധ്യാപകർക്ക് ഓണത്തിന് മുമ്പ് വേതനം നൽകാനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ച് വരികയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അധ്യാപകരുടെ രജിസ്‌ട്രേഷൻ വൈകുന്നതിനാലാണ് വേതനം ലഭിക്കാത്തതെന്നും മന്ത്രി അറിയിച്ചു. സർക്കാർ, എയിഡഡ് സ്‌കൂളുകളിലെ താത്‌കാലിക അധ്യാപകർക്ക് ഓണത്തിന് മുമ്പ് തന്നെ വേതനം വിതരണം ചെയ്യാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ കാര്യാലയത്തിലെ ഡിഡിഒ ആണ് താത്‌കാലിക അധ്യാപകർക്ക് വേതനം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്‌പാർക്കിൽ രജിസ്റ്റർ ചെയ്യുന്നത്. ഒരു എൻട്രി രജിസ്റ്റർ ചെയ്യാൻ ശരാശരി 15 മിനുട്ട് എടുക്കും. അതിനാൽ 11,200 താത്‌കാലിക അധ്യാപകരെ രജിസ്റ്റർ ചെയ്യാൻ കൂടുതൽ സമയം വേണ്ടിവരും. ഈ പശ്ചാത്തലത്തിൽ ജില്ലാതലത്തിലുള്ള ഡിഡിഒമാർക്ക് കൂടി ഈ ചുമതല നൽകുന്ന കാര്യം പരിഗണനയിലാണ്. ഇക്കാര്യത്തിൽ ധനവകുപ്പുമായി ആശയവിനിമയം നടന്നുവരികയാണെന്നും മന്ത്രി വിശദീകരിച്ചു.
also read :Plus One Additional Batches | പ്ലസ് വൺ സീറ്റ് പ്രതിസന്ധി : 97 അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ
പാഠ്യപദ്ധതി പരിഷ്‌കരണം :പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേരള പാഠ്യപദ്ധതി ചട്ടക്കൂട് (സ്‌കൂൾ വിദ്യാഭ്യാസം) 2023ന്‍റെ കരട് തയ്യാറായി. പാഠപുസ്‌തക രചന പുരോഗമിക്കുകയാണ്. ആദ്യ ബാച്ച് പുതുക്കിയ പാഠപുസ്‌തകങ്ങൾ 2024 ജൂണോടെ പുറത്തിറങ്ങും.
പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി, സോഷ്യോളജി വിഷയങ്ങളിൽ കേരളം അഡീഷണൽ പാഠപുസ്‌തകങ്ങൾ തയ്യാറാക്കി. എൻസിഇആർടി വെട്ടിമാറ്റിയ ഭാഗങ്ങൾ ഉൾക്കൊള്ളുന്നതാണ് അഡീഷണൽ പാഠപുസ്‌തകങ്ങൾ. ഇവ സെപ്‌റ്റംബർ മാസത്തോടെ കുട്ടികളുടെ കൈകളിലെത്തും.
also read :'പ്രചരിക്കുന്നത് പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ പാഠപുസ്‌തകത്തിലേതല്ല'; 'മഴ' കവിതയിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി
എൻസിഇആർടി ഏകപക്ഷീയമായി പാഠഭാഗങ്ങൾ വെട്ടിക്കുറച്ചത് ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾക്കെതിരായ വെല്ലുവിളിയാണെന്നും അതിനാൽ, മതനിരപേക്ഷ മൂല്യങ്ങളെ ചേര്‍ത്തുപിടിച്ച് ഒഴിവാക്കിയ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി സപ്ലിമെന്‍ററി പാഠപുസ്‌തകങ്ങള്‍ കേരളം പ്രസിദ്ധീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. ആറാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള പാഠപുസ്‌തകങ്ങളിൽ നിന്നാണ് കൊവിഡിനെ തുടർന്ന് കുട്ടികളുടെ പഠനഭാരം കുറക്കുകയാണെന്ന പേരിൽ വെട്ടിക്കുറച്ചത്.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, പരിണാമ സിദ്ധാന്തം, പീരിയോഡിക് ടേബിള്‍, മൗലാന ആസാദ്, ജനാധിപത്യക്രമം തുടങ്ങി രാജ്യത്തിന്‍റെ പൊതുചരിത്രം ഭരണഘടനാമൂല്യങ്ങള്‍, കൂടാതെ രാജ്യം നേരിടുന്ന വര്‍ത്തമാനകാല വെല്ലുവിളികള്‍ എന്നിവയെല്ലാമാണ് എൻസിഇആർടി ഒഴിവാക്കിയത്.
Read More :'പാഠപുസ്‌തകം പരിഷ്‌കരിക്കുമ്പോൾ കേന്ദ്ര നയം പിന്തുടരില്ല, സമൂഹം ആവശ്യപ്പെടുന്ന വിഷയം പാഠ്യപദ്ധതിയില്‍ ഉണ്ടാകും': മന്ത്രി വി ശിവൻകുട്ടി