തിരുവനന്തപുരം :സജി ചെറിയാനെ വെള്ള പൂശി വെളുപ്പിച്ചത് ആഭ്യന്തര വകുപ്പെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ സജി ചെറിയാനെതിരായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പൊലീസ് ഗുരുതര വീഴ്‌ച വരുത്തി. സിപിഎമ്മിന്‍റെ ഭീഷണിക്കുവഴങ്ങി പൊലീസ് നട്ടെല്ല് പണയം വച്ചതിനാലാണ് സജി ചെറിയാനെ മന്ത്രിസ്ഥാനം നല്‍കി വീണ്ടും വാഴിക്കുന്ന കാഴ്‌ച കേരളത്തിന് കാണേണ്ടിവരുന്നത്.
ഈ കേസ് അട്ടിമറിക്കാന്‍ ഭരണ തലത്തിലും സിപിഎം നേതൃത്വത്തിലും വന്‍ ഗൂഢാലോചന നടന്നു. പ്രത്യക്ഷത്തില്‍ തെളിവുണ്ടായിട്ടും സജി ചെറിയാനെതിരെ തെളിവില്ലെന്ന പൊലീസിന്‍റെ കണ്ടെത്തല്‍ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതിനുതുല്യമാണ്. തെളിവുകള്‍ കോടതിയിലെത്തിക്കാതെ നിയമ വ്യവസ്ഥയെ നോക്കുകുത്തിയാക്കുകയാണ് സര്‍ക്കാരും പൊലീസും.
സിപിഎം നേതാക്കള്‍ ചെയ്യുന്ന എല്ലാ നിയമവിരുദ്ധ പ്രവൃത്തികളുടെയും കാവലാളായി പ്രവര്‍ത്തിക്കേണ്ട നാണംകെട്ട സേനയായി കേരള പൊലീസ് അധപ്പതിച്ചു. സിപിഎമ്മിനും ആര്‍എസ്എസിനും ഒരേ മുഖമാണെന്നതിന്‍റെ തെളിവാണ് തീരുമാനം. കേരളത്തില്‍ ഒളിഞ്ഞും തെളിഞ്ഞും ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന സിപിഎം പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും ഭരണഘടനാ വിരുദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും കെ.സി.വേണുഗോപാല്‍ പ്രസ്‌താവനയില്‍ ആരോപിച്ചു.
അതേസമയം സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് സത്യപ്രതിജ്ഞാദിനമായ ജനുവരി 4ന് കരിദിനമാചരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുകയാണ്. സിപിഎമ്മിന്‍റെ തീരുമാനം ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായാണ് കെപിസിസി കാണുന്നതെന്ന് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്‌ണന്‍ അറിയിച്ചു.
ഭരണഘടനയെ അവഹേളിച്ച സജി ചെറിയാന് മന്ത്രിയാകാന്‍ യോഗ്യതയില്ല. ഭരണഘടനാ വിരുദ്ധത സിപിഎമ്മിന്‍റെ മുഖമുദ്രയാണ്. അതിനാല്‍ സത്യപ്രതിജ്ഞാദിനമായ ജനുവരി 4ന് ഡിസിസി, ബ്ലോക്ക്, മണ്ഡലം, ബൂത്ത് തലങ്ങളില്‍ നേതാക്കളും പ്രവര്‍ത്തകരും കറുത്ത കൊടികള്‍ ഉയര്‍ത്തിയും അതേ നിറത്തിലുള്ള ബാഡ്‌ജ് ധരിച്ചും കരിദിനം ആചരിക്കുമെന്ന് ടി.യു രാധാകൃഷ്‌ണന്‍ അറിയിച്ചു.