തിരുവനന്തപുരം: മന്ത്രിസഭയിലേക്ക് തിരികെയെത്താന്‍ സഹായിച്ച തന്‍റെ പാര്‍ട്ടിയ്ക്കും അതിന് പിന്തുണ നല്‍കിയ മുഖ്യമന്ത്രിയ്ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നന്ദി രേഖപ്പെടുത്തുന്നതായി, മന്ത്രിയായി വീണ്ടും ചുമതലയേറ്റ സജി ചെറിയാന്‍. മന്ത്രി പദമൊഴിഞ്ഞ ശേഷം തിരികെയെത്തിയ തന്നെ രണ്ട് കൈയും നീട്ടി സ്വീകരിച്ച ചെങ്ങന്നൂരിലെ ജനങ്ങള്‍ക്ക് പ്രത്യേകം നന്ദി. കഴിഞ്ഞ ആറുമാസം മന്ത്രിസഭയില്‍ നിന്ന് പുറത്തുനിന്നപ്പോള്‍ മാധ്യമങ്ങള്‍ നല്‍കിയ ക്രിയാത്മകമായ വിമര്‍ശനങ്ങളെ അതേ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
'പാര്‍ട്ടിയ്ക്കും മുഖ്യമന്ത്രിയ്‌ക്കും ഗവര്‍ണര്‍ക്കും നന്ദി'; പ്രതിപക്ഷ ബഹിഷ്‌കരണത്തോട് വിരോധമില്ലെന്ന് സജി ചെറിയാന്‍ - saji cheriyan took oath again as minister
ഭരണഘടനാവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്നാണ്, സജി ചെറിയാന്‍ മന്ത്രി സ്ഥാനത്തുനിന്നും രാജിവച്ചിരുന്നത്. സര്‍ക്കാരുമായുള്ള പോര് തുടരുന്നതിനിടെയാണ് ഗവര്‍ണര്‍, സജി ചെറിയാന് ഇന്ന് സത്യവാചകം ചൊല്ലിക്കൊടുത്തത്
ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്‍റെ കുറ്റങ്ങളും കുറവുകളും മനസിലാക്കാനുള്ള അവസരം കൂടിയായി മന്ത്രിസഭയില്‍ നിന്ന് പുറത്തുനിന്ന നാളുകളെ കാണുന്നു. ഗവര്‍ണറോട് തനിക്ക് ഏറെ ബഹുമാനമുണ്ട്. അദ്ദേഹം സീനിയര്‍ ആയ രാഷ്ട്രീയ നേതാവാണ്. അദ്ദേഹത്തോട് രാഷ്ട്രീയമായ ചില അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും നല്ല സ്‌നേഹമാണുള്ളത്. ഗവര്‍ണറും ഗവണ്‍മെന്‍റും ഒന്നാണ്. ഗവണ്‍മെന്‍റിന്‍റെ നേതാവാണ് ഗവര്‍ണര്‍. സ്വാഭാവികമായും ഒന്നിച്ചുപ്രവര്‍ത്തിക്കും.
'പ്രതിപക്ഷത്തെ ചേര്‍ത്തുപിടിക്കും':അഭിപ്രായ വ്യത്യാസങ്ങളുണ്ടായാല്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്‌ത് പരിഹരിച്ചുപോവുക എന്നതാണ് എല്‍ഡിഎഫിന്‍റെ നിലപാട്. പ്രതിപക്ഷം അവരുടെ ധര്‍മം നിറവേറ്റുകയാണ് ചെയ്‌തത്. അവര്‍ക്ക് എല്ലാ പ്രശ്‌നങ്ങളോടും നെഗറ്റീവായ സമീപനമാണുള്ളത്. സത്യപ്രതിജ്ഞ ചടങ്ങില്‍ അവര്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍, അവര്‍ പ്രതിപക്ഷമായതിനാല്‍ ഇങ്ങനെയൊരു സമീപനം മാത്രമേ സ്വീകരിക്കാന്‍ കഴിയൂ. അതിന് അവരോട് വിരോധമില്ല. പ്രതിപക്ഷത്തിന്‍റെ പൂര്‍ണമായ സഹായവും സഹകരണവും മന്ത്രിയെന്ന നിലയില്‍ പ്രതീക്ഷിക്കുന്നു. അവരെക്കൂടി ചേര്‍ത്തുപിടിച്ച് കൊണ്ടായിരിക്കും തന്‍റെ മുന്‍പോട്ടുള്ള പ്രവര്‍ത്തനം.
താന്‍ മുന്‍പ് വഹിച്ചിരുന്ന വകുപ്പുകള്‍ തന്നെ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേസ് എല്ലാം കഴിഞ്ഞു. അതെല്ലാം കോടതിയില്‍ പറഞ്ഞ കാര്യങ്ങളാണ്. അത്, അതിന്‍റെ വഴിക്കുപോവുമെന്നും ചുമതലയേറ്റ ശേഷം സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ മന്ത്രിയായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന സെക്രട്ടേറിയറ്റ് അനക്‌സിലെ നാലാം നിലയിലുള്ള അതേ ഓഫിസിലെത്തിയാണ് സജി ചെറിയാന്‍ ചുമതലയേറ്റത്. മന്ത്രി എംബി രാജേഷ് ഒപ്പമുണ്ടായിരുന്നു.