തിരുവനന്തപുരം : സോളാർ കേസിൽ (Solar Case) പരാതിക്കാരിയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്‌ണന്‍ (Feni Balakrishnan) ഉന്നയിച്ച ആരോപണങ്ങളിൽ വെറുതെ തോണ്ടേണ്ടെന്നും പലര്‍ക്കും നാശമുണ്ടാകുമെന്നും അറിയിച്ച് മന്ത്രി സജി ചെറിയാൻ (Saji Cherian). കോൺഗ്രസ് (Congress) പാർട്ടിയിലെ ആഭ്യന്തര വിഷയത്തിലേക്ക് തങ്ങളെ വലിച്ചിഴയ്‌ക്കേണ്ട. നാട്ടിൽ കേൾക്കുന്നതിനൊക്കെ പുറകെ നടക്കുന്നവരല്ല തങ്ങള്‍. ഈ പറയുന്ന ആളിനെ ഉപയോഗപ്പെടുത്തി തങ്ങളെ കുത്താമെന്ന് വിചാരിക്കേണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു (Saji Cherian On Solar Case).
ഫെനി ബാലകൃഷ്‌ണൻ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിക്കാതെയായിരുന്നു മന്ത്രിയുടെ പ്രതികരണം. പരാതിക്കാരിയുമായി കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്. പരാതിക്കാരിയും അഭിഭാഷകനുമൊക്കെ അയൽക്കാരാണ്. പരാതിക്കാരി പറഞ്ഞ കാര്യം ഒന്നും പുറത്ത് വെളിപ്പെടുത്തിയിട്ടില്ല. പരാതിക്കാരി പറഞ്ഞത് പുറത്തുപറഞ്ഞ് ആരുടെയെങ്കിലും വിഴുപ്പ് അലക്കാനും വ്യക്തിഹത്യ നടത്താനും ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
സോളാറില്‍ തൊടാതെ :ഞങ്ങളൊക്കെ മാന്യന്മാരായത് കൊണ്ടാണ് വിഷയം കത്തിക്കാത്തത്. സമൂഹത്തിൽ പ്രയാസമനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങൾ പലരും ശ്രദ്ധയിൽ കൊണ്ടുവരും. കൂട്ടായ ആലോചനയ്ക്ക് ശേഷമാണ് അതിൽ തീരുമാനം എടുക്കുകയെന്നും ഇത്തരം പരാതികളിൽ സ്വാഭാവികമായും പരാതികൾ കേട്ടിട്ടുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഉത്തരവാദപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞ പരാതികളെക്കുറിച്ച് ആലോചിച്ചിട്ടുണ്ടാകും.
പരാതികൾ എവിടെയെങ്കിലും അവതരിപ്പിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാര്‍. ഏതെങ്കിലും താത്‌പര്യത്തിന് വേണ്ടി അത് ഉപയോഗിക്കില്ലെന്നും പ്രസ്‌തുത വിഷയങ്ങളൊക്കെ സംസാരിച്ചിട്ടുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.