തിരുവനന്തപുരം: ശബരിമലയിലെ കച്ചവട സ്ഥാപനങ്ങൾക്ക് കരാർ കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്. കൊവിഡിന്‍റെ സാഹചര്യത്തിൽ മണ്ഡലകാലത്ത് ഇ-ടെണ്ടർ നടപടികളിൽ നിന്നും ദേവസ്വം ബോർഡ് പിന്മാറണമെന്നും നിലവിലുള്ള വ്യാപാരികൾക്ക് ഒരു വർഷം കൂടി കരാർ നീട്ടി നൽകണമെന്നുമാണ് ആവശ്യം. ആവശ്യമുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ നടത്തി. ദേവസ്വം ബോർഡിന്‍റെ ലേലത്തിൽ പങ്കെടുത്ത വ്യാപാരികൾ കഴിഞ്ഞ മൂന്ന് വർഷമായി നഷ്‌ടത്തിലാണ് കച്ചവടം നടത്തുന്നത്. കൊവിഡിനെ തുടർന്നുണ്ടായ നിയന്ത്രണങ്ങൾ കച്ചവടത്തെ കാര്യമായി ബാധിച്ചതായും വ്യാപാരികൾ വ്യക്തമാക്കി.
ശബരിമലയിലെ കച്ചവട സ്ഥാപനങ്ങൾക്ക് കരാർ കാലാവധി നീട്ടി നൽകണമെന്ന് വ്യവസായികൾ
നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ വരുമാനത്തിൽ വലിയ കുറവുണ്ടാകുമെന്നും ലേലം നടന്നില്ലെങ്കിൽ മറ്റു വഴികൾ ആലോചിക്കേണ്ടി വരുമെന്നുമുള്ള നിലപാടിലാണ് ദേവസ്വം ബോർഡ്
സീസണിൽ നിലക്കൽ മുതൽ സന്നിധാനം വരെ 250ലധികം വ്യാപാര സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ദേവസ്വം ബോർഡിന്‍റെ ലേലത്തിൽ പങ്കെടുത്ത് തുക കെട്ടി വക്കുന്നവർക്കാണ് പ്രവർത്തനാനുമതി നൽകുക. ദേവസ്വം കലണ്ടർ പ്രകാരം 142 പ്രവർത്തി ദിനങ്ങളിലേക്കായിരുന്നു കരാർ. എന്നാൽ കൊവിഡ് കാരണം 70 ദിവസം മാത്രമാണ് കച്ചവടം നടത്താനായതെന്നും വ്യാപാരികൾ പറയുന്നു. നിരവധി തവണ ആവശ്യമുന്നയിച്ച് ദേവസ്വം ബോർഡിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ല. വിഷയത്തിൽ സർക്കാർ ഇടപെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
അതേസമയം നിലക്കൽ, പമ്പ, സന്നിധാനം എന്നിവടങ്ങളിൽ നിന്നായി ലേലയിനത്തിൽ 50 കോടിയിലധികം രൂപയാണ് ദേവസ്വം ബോർഡിന് ലഭിച്ചിരുന്നത്. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ വരുമാനത്തിൽ വലിയ കുറവുണ്ടായെന്നും ലേലം നടന്നില്ലെങ്കിൽ മറ്റു വഴികൾ ആലോചിക്കേണ്ടി വരുമെന്നുമുള്ള നിലപാടിലാണ് ദേവസ്വം ബോർഡ്.