തിരുവനന്തപുരം : മംഗലപുരം പൊലീസ് സ്‌റ്റേഷനിലെ ഫയലുകള്‍ എസ്‌പി നേരിട്ട് പരിശോധിക്കുന്നു. ഹൈവേയിലുണ്ടായ പിടിച്ചുപറി, സാമ്പത്തിക-തൊഴില്‍ തട്ടിപ്പ്, തര്‍ക്ക കേസുകളാണ് റൂറല്‍ എസ്‌പി ഡി ശില്‍പ്പ നേരിട്ട് പരിശോധിക്കുന്നത്. സസ്‌പെന്‍ഷനിലായ സ്റ്റേഷനിലെ മുന്‍ എസ്എച്ച്ഒ സജീഷ് അടക്കമുള്ളവര്‍ പലപ്പോഴായി ഇടനിലക്കാരായെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന.
സാമ്പത്തിക തട്ടിപ്പ് കേസുകളിലും തൊഴില്‍ തട്ടിപ്പുകേസുകളിലും പൊലീസുദ്യോഗസ്ഥര്‍ ഇടനിലക്കാരായി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് ആക്ഷേപമുണ്ട്. മംഗലപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ഗുണ്ട-മാഫിയ ബന്ധം തെളിഞ്ഞതിനെ തുടര്‍ന്ന് സ്‌റ്റേഷനിലെ സ്വീപ്പര്‍ ഒഴികെയുള്ള 31 പൊലീസുദ്യോഗസ്ഥര്‍ക്കെതിരെയും കഴിഞ്ഞ ദിവസങ്ങളില്‍ നടപടി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്‌പി നേരിട്ട് സ്‌റ്റേഷനിലെ ഫയലുകള്‍ പരിശോധിക്കുന്നത്.
കര്‍ശന പരിശോധനയ്‌ക്ക് നിര്‍ദേശം:ഉദ്യോഗസ്ഥരുടെ ദുര്‍നടപ്പിന് കൂടുതല്‍ തെളിവുകള്‍ ഫയല്‍ പരിശോധനയില്‍ നിന്നും ലഭിക്കുകയാണെങ്കില്‍ കൂടുതല്‍ വകുപ്പുതല നടപടി ഉണ്ടായേക്കും. സംസ്ഥാനത്തെ മുഴുവന്‍ പൊലീസുകാരെയും ഇത്തരത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിര്‍ദേശിച്ചിരുന്നു.
ഇന്‍റലിജന്‍സ് നിര്‍ദേശങ്ങള്‍ കാര്യമായി ഗൗനിക്കണമെന്നും നിര്‍ദേശത്തില്‍ സൂചിപ്പിച്ചിരുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിലാകും പരിശോധന. വിജിലന്‍സും പരാതികള്‍ പരിശോധിച്ചുവരികയാണ്. ഇതേ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളില്‍ വരും ദിവസങ്ങളിലും ആരോപണം ഉയരുന്ന പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകാനാണ് സാധ്യത.
പീഡനക്കേസ്, ഗുണ്ടകളുമായുള്ള ബന്ധം, ഗുണ്ടകളുടെ പാര്‍ട്ടിയിലെ സന്ദര്‍ശനം, വിവരങ്ങള്‍ ക്രിമിനലുകള്‍ക്ക് ചോര്‍ത്തിക്കൊടുക്കല്‍ അടക്കം പൊലീസിന്‍റെ അവിശുദ്ധ ബന്ധങ്ങളുടെ ഒരുപാട് വിവരങ്ങളാണ് സ്‌പെഷ്യല്‍ ബ്രാഞ്ച്- ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളിലുള്ളത്.