തിരുവനന്തപുരം: ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ഉത്തരവിറക്കി. മലപ്പുറം ക്രൈംബ്രാഞ്ച് എസ്‌പി പി. വിക്രമനാണ് അന്വേഷണസംഘ തലവന്‍. ഇദ്ദേഹമുള്‍പ്പടെ 18 അംഗങ്ങളാണ് സംഘത്തിലുള്ളത്.
പ്രത്യേക അന്വേഷണ സംഘത്തില്‍ ആരെല്ലാം: ഭീകരവിരുദ്ധ സേന ഡിവൈഎസ്‌പി ബൈജു പൗലോസ്, കോഴിക്കോട് ടൗണ്‍ അസിസ്‌റ്റന്‍റ് കമ്മിഷണര്‍ പി.ബിജുരാജ്, താനൂര്‍ ഡിവൈഎസ്‌പി വി.വി ബെന്നി എന്നിവര്‍ പ്രത്യേക അന്വേഷണസംഘത്തിലുണ്ട്. ഇവരെ കൂടാതെ വിവിധ സ്‌റ്റേഷനുകളിലെ ഇന്‍സ്‌പെക്‌ടര്‍മാര്‍, സബ് ഇന്‍സ്‌പെക്‌ടര്‍മാര്‍ എന്നിവരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും അന്വേഷണസംഘത്തിലെ അംഗങ്ങളാണ്.
ക്രമസമാധാന വിഭാഗം എഡിജിപി എം.ആര്‍.അജിത്കുമാറിന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുക്കും അന്വേഷണം നടക്കുക. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചു.
സംഭവമറിഞ്ഞ് ഇന്ന് ഉച്ചയോടെ കണ്ണൂരിലെത്തിയ സംസ്ഥാന പൊലീസ് മേധാവി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഈ യോഗത്തിലാണ് അന്വേഷണത്തിന്‍റെ മേല്‍നോട്ടം ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്കുമാറിന് നല്‍കിയത്. പിന്നാലെ അന്വേഷണ സംഘം രൂപീകരിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്‌തു. പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്ന് അടിയന്തരമായി അന്വേഷണ നടപടികളുമായി ഊര്‍ജിതമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു.
പ്രതി യുപി സ്വദേശിയോ?:എന്നാല്‍ ഓടികൊണ്ടിരുന്ന ട്രെയിനില്‍ തീയിട്ട സംഭവത്തില്‍ പ്രതിയാണെന്ന് സംശയിക്കുന്നയാളുടെ പേര് പൊലീസ് പുറത്തുവിട്ടിരുന്നു. ഉത്തര്‍ പ്രദേശിലെ നോയിഡ സ്വദേശിയായ ഷഹറൂഫ് സെയ്‌ഫിയാണ് പ്രതിയെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയ തെളിവുകളുടെയും സാക്ഷിമൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രതിയെന്ന് സംശയിക്കുന്നയാളിലേക്ക് പൊലീസ് എത്തിയത്.
മുമ്പ് പൊലീസ് തന്നെ പുറത്തുവിട്ട രേഖാചിത്രവും ഇയാളുടെ സോഷ്യൽ മീഡിയ പ്രൊഫൈലും ഒത്തുനോക്കിയാണ് പ്രതിയെ കുറിച്ചുള്ള സൂചന പൊലീസ് നൽകിയത്. ട്രെയിനിൽ തീയിട്ടതിന് ശേഷം ഇയാൾ തൊട്ടടുത്ത ബോഗിയിലേക്ക് ഓടി രക്ഷപ്പെട്ടതായി സംഭവത്തിൽ പരിക്കുപറ്റി കൊയിലാണ്ടിയിൽ ചികിത്സ തേടിയ റാസിഖ് നിര്‍ണായക മൊഴി നല്‍കിയിരിന്നു. പ്രതിയെ പിടികൂടാൻ ശ്രമിച്ചുവെങ്കിലും ഇയാൾ കടന്നുകളഞ്ഞുവെന്നാണ് സാക്ഷി മൊഴി. റാസിഖില്‍ നിന്നും യാത്രക്കാരിൽ മറ്റ് ചിലര്‍ നൽകിയ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രം തയ്യാറാക്കിയത്.
ആശുപത്രിയിലെത്തിയത് പ്രതിയോ?:ട്രെയിൻ തീവെപ്പ് കേസില്‍ പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുള്ള ഒരാൾ കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടിയതായും മുമ്പ് സൂചനകള്‍ പുറത്തുവന്നിരുന്നു. കണ്ണൂരിൽ ചികിത്സ തേടിയത് നിലവില്‍ പ്രതിയെന്ന് സംശയിക്കുന്നയാളാണ് എന്ന നിഗമനത്തിലാണ് പൊലീസ്. കണ്ണൂർ സര്‍ക്കാര്‍ ആശുപത്രിയിൽ നിന്നും കാലിന് മരുന്നുവച്ച ശേഷം അഡ്‌മിറ്റ് ആവാൻ കൂട്ടാക്കാതെ ഒരാൾ പോയി എന്നാണ് ഡോക്‌ടർമാര്‍ പൊലീസിന് നല്‍കിയ മൊഴി. ഇയാള്‍ മറ്റൊരു പേരിലാണ് അവിടെ എത്തിയതെന്നിരിക്കെ അതിനു ശേഷം പ്രതിയെന്ന് സംശയിക്കുന്നയാൾ എങ്ങോട്ട് പോയി എന്നത് സിസിടിവിയുടെയും മറ്റു സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തില്‍ പൊലീസ് പരിശോധിച്ചുവരികയാണ്.