തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ഒരു ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. കരുമംകുളം സ്വദേശി ശബരിയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്. ആശ്രമം ആക്രമണത്തില്‍ രണ്ടാമത്തെ അറസ്റ്റാണ് നടക്കുന്നത്. എസ്‌പി സുനില്‍ കുമാർ, ഡിവൈഎസ്‌പി എംഐ ഷാജി എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് ആശ്രമം കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്‌തത്.
ശബരിമല സ്ത്രീ പ്രവേശന വിവാദ സമയമായ 2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് കുണ്ടമണ്‍കടവിലെ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് അക്രമികള്‍ തീയിട്ടത്. ആക്രമണത്തില്‍ രണ്ട് കാറുകളടക്കം മൂന്ന് വാഹനങ്ങള്‍ കത്തി നശിക്കുകയും ആശ്രമത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തിരുന്നു. കത്തിച്ച ശേഷം പ്രതികള്‍ ആശ്രമത്തിനു മുന്നില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും വച്ചിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇടപെട്ട കേസിന്‍റെ ആദ്യ അന്വേഷണത്തില്‍ അട്ടിമറി നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ആദ്യം അന്വേഷണ സംഘങ്ങള്‍ ശേഖരിച്ച ഫോണ്‍ രേഖകളും കയ്യെഴുത്ത് പ്രതിയും സിസിടിവി ദൃശ്യങ്ങളുടെ വിവരങ്ങളുമാണ് നഷ്‌ടമായതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. പൂജപ്പുര പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസ് ആദ്യം കന്‍റോൺമെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണറുടെയും പിന്നീട് കണ്‍ട്രോള്‍ റൂം അസിസ്റ്റന്‍റ് കമ്മീഷണറുടെയും നേതൃത്വത്തിലുള്ള സംഘം അഞ്ചുമാസത്തിലധികം അന്വേഷിച്ചു. ശേഷം കേസ് ഫയല്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയപ്പോള്‍ പ്രധാന തെളിവുകള്‍ നഷ്‌ടമാവുകയായിരുന്നു.
ഫോണ്‍ വിളി വിശദാംശങ്ങള്‍, റീത്തിലെ കൈയെഴുത്ത്, സിസി ടിവി ദൃശ്യം പോലെയുള്ള സുപ്രധാന തെളിവുകളാണ് നഷ്‌ടമായത്. കേസില്‍ പ്രധാന തെളിവായ റീത്തിലെ കൈയെഴുത്ത് പൊലീസ് തെളിവായി കസ്റ്റഡിലെടുത്തുവെന്ന് മഹസറില്‍ രേഖപ്പെടുത്തി കോടതിയില്‍ നല്‍കി. സ്റ്റേഷനില്‍ സൂക്ഷിക്കുന്നതിനായി കോടതി ഈ കൈയെഴുത്ത് മടക്കി നല്‍കിയെങ്കിലും നിലവില്‍ ഈ തെളിവ് കേസ് ഫയലിലില്ല. സംഭവ ദിവസത്തെ കുണ്ടമണ്‍കടവ് ഭാഗത്തെ വോഡോഫോണ്‍, ഐഡിയ കമ്പനികളുടെ ടവറില്‍ നിന്നുള്ള ഫോണ്‍ വിളി വിശദാംശങ്ങള്‍ ആദ്യ സംഘം കമ്പനിയില്‍ നിന്ന് ശേഖരിച്ചിരുന്നു. പക്ഷെ ഈ വിവരങ്ങളും ഇപ്പോള്‍ കാണാനില്ല.